അമ്മയും മക്കളും തമ്മിലുള്ള സ്നേഹ വാത്സല്യത്തിന്റെ നേർക്കാഴ്‌ച; 'വസുധ' ഉടൻ കൗമുദി ടിവിയിൽ
തിരുവനന്തപുരം: കൗമുദി ടിവിയിൽ പുതിയ മെഗാ പരമ്പര വസുധ സെപ്തംബർ ഒമ്പത് മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി എട്ടിനാണ് പരമ്പരയുടെ സംപ്രേക്ഷണം. പരമ്പരയുടെ വീഡിയോ സോംഗ് ഇന്നലെ റിലീസ് ചെയ്തു. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് വസുധയുടെ വീഡിയോ സോംഗ് സ്വീകരിച്ചത്. അമ്മയും മക്കളും തമ്മിലുള്ള സ്നേഹ വാത്സല്യത്തിന്റെ നേർക്കാഴ്ചയാണ് പാട്ടിലുടനീളമുള്ളത്.
വീഴ്ചകളിൽ തളർന്നുപോകാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ വേണ്ടിയുള്ള ഒരു പെണ്ണിന്റെ പോരാട്ടത്തിന്റെ കഥയാണ് വസുധ. കൂടാതെ ബന്ധങ്ങൾക്കും, വികാരങ്ങൾക്കുമൊപ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളുമായി എത്തുന്നതാണ് ഈ കുടുംബ പരമ്പര. ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ പ്രതികരിക്കുന്ന ഇന്നത്തെ പെണ്ണിന്റെ കഥകൂടിയാണ് വസുധ പറയുന്നത്.
മരണത്തെ പോലും തോൽപിച്ചു തിരിച്ചു വന്നിട്ടും ആർക്കും വേണ്ടാതായിപ്പോയ പെൺജന്മമായ വസുധ എന്ന കഥാപാത്രത്തെ ലക്ഷ്മി ബാലഗോപാൽ ആണ് അവതരിപ്പിക്കുന്നത്. കാമുകിക്കും പണത്തിനും മുന്നിൽ താലി കെട്ടിയ ഭാര്യയെയും ജന്മം നൽകിയ മക്കളെയും മറന്നു കളഞ്ഞ സനീഷ് എന്ന കഥാപാത്രത്തെ ഫവാസ് സയാനിയും, സ്വാർത്ഥ ലാഭങ്ങൾക്കു മുന്നിൽ പെണ്ണിന് പെണ്ണ് തന്നെ ശത്രു എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ജാനകി എന്ന കഥാപാത്രത്തെ സിനിമാതാരം ഉഷയും അവതരിപ്പിക്കുന്നു.
ആശിച്ചതെല്ലാം കാൽക്കീഴിൽ ഒതുക്കാനായി ഗൂഢതന്ത്രങ്ങളിലൂടെ എന്നും വിജയിച്ചു നിൽക്കുന്ന രജിതയായി രേഷ്മ ആർ നായർ വേഷമിടുന്നു. തനിച്ചായി പോയെങ്കിലും സങ്കടങ്ങളിൽ പതറാത്ത മനസ്സുമായി ജീവിതത്തിനോട് പൊരുതാനിറങ്ങിയ ഗിരി എന്ന കഥാപാത്രത്തെ ലാൽ കൃഷ്ണയും, സുഖജീവിതത്തിനു വേണ്ടി വിലപേശാൻ പഠിച്ച പുതുതലമുറയുടെ പ്രതിനിധിയായി ശരണ്യ എന്ന കഥാപാത്രത്തെ ജാനകി സുധീറും അവതരിപ്പിക്കുന്നു.
മകളുടെ നഷ്ടത്തിന്റെ വേദനയേക്കാൾ ലഭിക്കാൻ പോകുന്ന നേട്ടങ്ങൾക്കു മുന്നിൽ അടിപതറി പോയ അച്ഛൻ സദാനന്ദൻ ആയി സന്തോഷ് കേശവും, ഒറ്റപ്പെട്ടു പോയ മകനൊരു കുടുംബമുണ്ടാക്കാനായി വിട്ടു വീഴ്ചകളില്ലാത്ത അമ്മ സാവിത്രിയായി ശീലശ്രീയും അഭിനയിക്കുന്നു. ഐനുവും, സച്ചുവുമായി ബേബി സാറയും, മാസ്റ്റർ അനാദിയും വേഷമിടുന്നുണ്ട്.
പരമ്പരയുടെ സംവിധാനം എസ് ആർ സൂരജാണ്. രചന വിനീത അനിൽ. ഛായാഗ്രാഹണം അനീഷ് അർജുനാണ്. കിഷോർ കൃഷ്ണയാണ് സംഗീതം. ഗാനരചന എസ് ചന്ദ്രയാണ്. ഗായത്രി സുരേന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്.