പിവി അൻവറിന്റെ ആരോപണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി, നടപടിക്ക് സാദ്ധ്യത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെയും ആഭ്യന്തര വകുപ്പിനെയും പിടിച്ചു കുലുക്കി സിപിഎം സ്വതന്ത്ര എംഎൽഎ പി.വി അൻവറിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ദർവേശ് സാഹിബുമായി കൂടിക്കാഴ്ച നടത്തുന്നു. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ വച്ചാണ് ഡിജിപി മുഖ്യമന്ത്രിയെ കാണുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പത്തനംതിട്ട എസ്പി സുജിത് ദാസ് കരിപ്പൂർ വഴിയെത്തുന്ന സ്വർണം തട്ടിയെടുത്തെന്നും അൻവർ ആരോപിച്ചിരുന്നു. സർക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിഷയമായി മാറിയതോടെ രണ്ടു ഉദ്യോഗസ്ഥരെയും ക്രമസമാധാനചുമതലയിൽനിന്ന് മാറ്റി നിറുത്തണമന്ന് ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും മാറ്റിനിർത്തി അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ട്.
മരംമുറി കേസ് പിൻവലിക്കാൻ അൻവറിനോട് കെഞ്ചി ഫോൺ വിളിച്ച് സംസാരിച്ച എസ്പി സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്യാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്. കഴിഞ്ഞ ദിവസം എഡിജിപി അജിത് കുമാർ ഡിജിപിയെയും മുഖ്യമന്ത്രിയെയും സന്ദർശിച്ച് തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടാകും. ഇരുവരെയും അടിയന്തരമായി ക്രമസമാധാനപാലന ചുമതലയിൽ നിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ.
ആരോപണം നീളുന്നത് കൊലപാതകം, സ്വർണക്കടത്ത് എന്നിവയിലേക്കാണെന്നും അത് ഗൗരവതരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുവർക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയിൽ എത്താനുള്ള സാദ്ധ്യത സർക്കാർ കാണുന്നുണ്ട്. എസ്പിയുടെ വിവാദ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾത്തന്നെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. അതു പ്രകാരമാണ് ഇന്നലെ റിപ്പോർട്ട് നൽകിയത്.