എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ; നടപടി ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ

Monday 02 September 2024 2:44 PM IST
പത്തനംതിട്ട എസ്‌പി എസ് സുജിത് ദാസ് photocourtsey: District Police Pathanamthitta/facebook

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി എസ് സുജിത് ദാസിന് സസ്‌പെൻഷൻ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. എസ്‌പിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാർശ ആഭ്യന്തര വകുപ്പ് നൽകിയിരുന്നു. സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.

മലപ്പുറം എസ്‌പി ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചതിന്റെ പേരിലും നിലമ്പൂർ എംഎൽഎ പി.വി അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നുമാണ് എസ്‌പി സുജിത് ദാസ് വിവാദത്തിലായത്. പത്തനംതിട്ട ജില്ലാപൊലീസ് മേധാവി സ്ഥാനത്ത് തുടരുന്ന സുജിത്ദാസ് മൂന്ന് ദിവസത്തെ അവധി എടുത്ത് മാറിനിന്നിരുന്നു. മലപ്പുറം എസ്‌പി ആയിരിക്കെ നടന്ന മരംമുറിയെ തുടർന്നുണ്ടായ പരാതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പി.വി.അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതോടെ വകുപ്പുതല അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് അവധിയിൽ പോയത്.

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പരാമർശിക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് വിവാദം തുടങ്ങിയത്. ഒരു തേക്കും മഹാഗണിയുമാണ് മുറിച്ചുമാറ്റിയത്. എഡിജിപിയെ കാണാൻ പോയ സുജിത്ദാസിന് അനുമതി ലഭിച്ചിരുന്നില്ല. എസ്‌പിയുടെ വിവാദ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾത്തന്നെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. അതു പ്രകാരമാണ് ഇന്നലെ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞമാസം പതിനാറിനാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്.