മുഖ്യമന്ത്രി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ

Tuesday 03 September 2024 12:37 AM IST

തൃശൂർ: ഭരണപക്ഷ എം.എൽ.എ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഉപജാപങ്ങൾ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കള്ളക്കടത്തുകാരും കൊലപാതകികളും മയക്കുമരുന്ന് കച്ചവടക്കാരുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിക്കുന്നത്. പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനുമാണ് ഇതിന് പിന്നിലെന്ന് എം.എൽ.എയാണ് പറയുന്നത്. ഫോൺ ചോർത്തൽ അടക്കമുള്ള രാജ്യദ്രോഹക്കുറ്റവും നടന്നു. എം.എൽ.എ പറയുന്നത് തെറ്റാണെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും നുണ പരിശോധനയ്ക്ക് വിധേയനാക്കുകയും ജയിലിലടയ്ക്കുകയും വേണം. കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണം. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നു. സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടാണെന്ന് വ്യാഖ്യാനിക്കുന്നത് തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്.