റിദാൻ വധം: സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം

Tuesday 03 September 2024 3:58 AM IST

മലപ്പുറം: എടവണ്ണയിൽ റിദാൻ ബാസിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസിലെ ഉന്നതർക്ക് പങ്കുണ്ടെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണത്തിന് പിന്നാലെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മരണത്തിൽ ദുരൂഹതയുണ്ട്. പൊലീസ് കെട്ടിച്ചമച്ച കഥ സമ്മതിക്കാൻ റിദാന്റെ ഭാര്യയെ മർദ്ദിച്ചു. അറസ്റ്റിലായ പ്രതി 40 ലക്ഷം രൂപ തന്നാൽ കേസിൽനിന്ന് പിന്മാറുമോ എന്ന് മലപ്പുറം എസ്.പിയായിരുന്ന സുജിത്ത് ദാസ് തങ്ങളോട് ചോദിച്ചതായും ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെട്ട റിദാന്റെ രണ്ട് മൊബൈൽ ഫോണുകൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. റിദാനെ എന്തിന് കൊലപ്പെടുത്തിയെന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.

2023 ഏപ്രിൽ 22നാണ് എടവണ്ണ സ്വദേശി റിദാനെ വീടിനുസമീപത്തെ പുലിക്കുന്ന് മലയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിദാന്റെ സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ മുഹമ്മദ് ഷാനെ (30) മൂന്നാംദിവസം അറസ്റ്റുചെയ്തിരുന്നു. റിദാനോട് ഷാനിന് ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലപ്പെടും മുമ്പ് റിദാൻ കരിപ്പൂരിൽ എം.ഡി.എം.എ കേസിൽ അറസ്റ്റിലായിരുന്നു. തന്നെ കുടുക്കിയതാണെന്ന് വാദിച്ച റിദാൻ സ്വർണക്കള്ളക്കടത്ത്, ലഹരി മാഫിയകളിലെ പ്രധാനികളുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വെടിയേറ്റ് മരിച്ചത്.

അൻവറിന്റെ ആരോപണം
ഷാൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് റിദാന്റെ ഭാര്യ പറയുന്നത്. റിദാന്റെ അടുത്ത സുഹൃത്താണ് ഷാൻ. അങ്ങനെയൊരു കുറ്റം ഷാൻ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധപ്പെട്ടപ്പോഴും പറഞ്ഞത്. മരണംനടന്ന് രണ്ടാംദിവസം റിദാന്റെ ഭാര്യയോട് വളരെ മോശമായാണ് പൊലീസ് പെരുമാറിയത്. ഷാനുമായി റിദാന്റെ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടായിരുന്നെന്ന് സ്ഥാപിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. ഷാനിനൊപ്പം ജീവിക്കാനാണ് റിദാനെ വെടിവച്ചു കൊന്നതെന്നു പറയിപ്പിക്കാനായിരുന്നു ശ്രമം. അതിനായി മൂന്നുദിവസം ഭീകരമായി മർദ്ദിച്ചു. ജയിലിൽ പോകേണ്ടി വരുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി.

തെറ്റായ കാര്യമായതിനാൽ സമ്മതിക്കാനാകില്ലെന്ന് റിദാന്റെ ഭാര്യ പറഞ്ഞു. മൂന്നരദിവസം ഷാനിനേയും മൃഗീയമായി മർദ്ദിച്ചു. അവനും സമ്മതിക്കാത്തതോടെ റിദാനുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ആരോപിച്ച് കുറ്റപത്രം തയ്യാറാക്കി. ഇതും മർദ്ദിച്ചു പറയിപ്പിച്ചതാണ്. പൊലീസ് ഷാന്റെ വീട് മൂന്നുദിവസം അരിച്ചുപെറുക്കിയിട്ടും കണ്ടെത്താത്ത തോക്ക് പിന്നീട് കട്ടിലിനടിയിൽ നിന്ന് കണ്ടെടുത്തു എന്നതിലും ദുരൂഹതയുണ്ട്.

Advertisement
Advertisement