'ഉപ്പ്  തിന്നവൻ  വെള്ളം കുടിക്കും'; തെറ്റ്  ആര്  ചെയ്താലും  സംരക്ഷിക്കില്ലെന്ന്  മന്ത്രി മുഹമ്മദ്  റിയാസ്

Tuesday 03 September 2024 12:06 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിക്കും എഡിജിപി എം ആർ അജിത്‌ കുമാറിനുമെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്നും ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

'ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറുന്നതിന് മുൻപ് വർഗീയ കലാപത്തിന് കക്ഷിചേരുന്നവരായിരുന്നു കേരളത്തിലെ പൊലീസ്. പല പ്രവൃത്തികൾക്കും ഇടനിലക്കാരായി പൊലീസ് പ്രവർത്തിച്ചിരുന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനകീയ പൊലീസ് സംവിധാനം കൊണ്ടുവരുന്ന നിലപാട് എടുത്തു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിൽ കർശന നിലപാട് സ്വീകരിക്കും', -മന്ത്രി വ്യക്തമാക്കി.

എന്നാൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലുകളെക്കുറിച്ചും, നടപടി മുഖ്യമന്ത്രിയുടെ ഓഫീസിന് ബാധകമാണോയെന്നത് സംബന്ധിച്ച് ചോദ്യങ്ങൾക്കും മുഹമ്മദ് റിയാസ് വ്യക്തമായ മറുപടി നൽകിയില്ല.

അതേസമയം, എം ആർ അജിത്‌‌ കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. സർക്കാർ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിൽ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് സംഘടിപ്പിച്ച കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ശേഷം പതിനൊന്ന് മണിക്കൂറ് കഴിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.

പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം ആർ അജിത് കുമാർ വ്യക്തമാക്കിയത്. എന്നാൽ തീരുമാനം വന്നപ്പോൾ അന്വേഷണ സംഘം മാത്രം.

ആരോപണങ്ങൾ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമായിട്ടും ആരോപണ വിധേയരായ എഡിജിപി എം ആർ അജിത് കുമാറിനെയും അവധിയിലുള്ള പത്തനംതിട്ട എസ്പി എസ് സുജിത് ദാസിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞില്ല. രണ്ടു പൊലീസ് ഓഫീസർമാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അജിത്കുമാറിനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Advertisement
Advertisement