തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

Tuesday 03 September 2024 2:14 PM IST

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ജീവനക്കാരിയായ വൈഷ്ണയാണ് (35) മരിച്ചവരിലൊരാളെന്നാണ് വിവരം. രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.

ഇന്ന്‌ ഉച്ചയോടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിലെ സ്ഥാപനങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. ചെറിയ സ്ഥലത്താണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. മുൻവശത്ത് ഗ്ലാസ് ഇട്ടിരുന്നു. ഓഫീസിന്റെ പിന്നിലൂടെ രക്ഷപ്പെടാൻ മാർഗമില്ലായിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് പരിശോധനയ്‌ക്ക് ശേഷം മാത്രമേ അപകടത്തെപ്പറ്റി കൂടുതൽ വ്യക്തത വരികയുള്ളൂ.

തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരിൽ ചിലർ ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപ്പോഴേക്ക് രണ്ട് പേർ മരിച്ചിരുന്നു. ഫയർ ഫോഴ്‌സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. നഗരമദ്ധ്യത്തിലാണ് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസ് പ്രവർത്തിക്കുന്നത്. അതേസമയം, തീ നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്‌സ് അറിയിച്ചു.

ഉച്ചത്തിൽ വഴക്ക് കേട്ടെന്ന് നാട്ടുകാർ

രണ്ടാമത്തെ സ്ത്രീ പുറത്തുനിന്ന് വന്നതാണ്. ഇവരെത്തിയതിന് പിന്നാലെ ഉച്ചത്തിൽ വഴക്ക് കേട്ടിരുന്നുവെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. ആദ്യം ഗ്ലാസ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നാണ് തീയും പുകയും പുറത്തുവന്നത്.