ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് വയസുള്ളപ്പോൾ അയാൾ ചോദിച്ചത്; വെളിപ്പെടുത്തലുമായി പത്മപ്രിയ

Tuesday 03 September 2024 2:54 PM IST

'അമ്മ' സംഘടനയിലെ ഭാരവാഹികൾ രാജിവച്ചത് ഷോക്കായിരുന്നെന്ന് നടി പത്മപ്രിയ. താനത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പത്മപ്രിയ പറയുന്നു. മുഴുവൻ എക്സിക്യൂട്ട് കമ്മിറ്റി രാജിവച്ചപ്പോൾ ആർക്കാണ് രാജിക്കത്ത് നൽകിയതെന്ന് താൻ ആലോചിച്ചു. ജനറൽ ബോഡി നടത്തുന്നതിനെപ്പറ്റിയൊന്നും പറയാതെ പുറത്തുപോകുന്നത് ഉത്തരവാദിത്തമില്ലായ്മയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

ഞാനും ആ ഒരു അസോസിയേഷന്റെ ഭാഗമാണെന്നാണ് കരുതുന്നത്. രാജി കൊണ്ട് ഇതിനൊരു പരിഹാരം ലഭിക്കില്ലെന്നാണ് എന്റെ അഭിപ്രായം. ഞാനും രേവതി ചേച്ചിയുമൊക്കെ വിശ്വസിക്കുന്നത് സത്യം വെളിച്ചത്ത് വരുമെന്നാണ്.


എനിക്ക് കിട്ടിയതെല്ലാം മലയാള സിനിമയിൽ നിന്നാണ്. ഡബ്ല്യുസിസി ആരംഭിച്ചപ്പോൾ പലരോടും സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ഇത് ആവശ്യമില്ലാത്തതാണെന്നാണ്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ നിങ്ങളുടെ പോയിന്റ് ഒഫ് വ്യൂ മനസിലായി എന്നും പറഞ്ഞ് മെസേജ് അയച്ചവരുണ്ട്- പത്മപ്രിയ വ്യക്തമാക്കി.

'എനിക്ക് ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് വയസുള്ളപ്പോൾ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ എന്നോട് ചോദിച്ചു. ഇത്രയും വയസായില്ലേ, പ്രായമായില്ലേ ഇനി നിർത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാട്'- പത്മപ്രിയ വ്യക്തമാക്കി. മലയാള സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടെന്നും താരം പറഞ്ഞു. ഒന്നുമറിയില്ലെന്ന സൂപ്പർതാരങ്ങളുടെ പ്രതികരണം നിരാശയുണ്ടാക്കിയെന്നും അവർ എല്ലാം അറിയാൻ ശ്രമം നടത്തട്ടേയെന്നും നടി കൂട്ടിച്ചേർത്തു.