'ബംഗാളി നടിയുടെ പരാതി അഭിനയിപ്പിക്കാത്തതിന്റെ നിരാശ; ഗോസിപ്പുകളിൽ ഉൾപ്പെടാതെ 37 വർഷമായി സിനിമയിലുള്ളയാൾ'
കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. താൻ നിരപരാധിയാണ്. കേസിൽ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. സംഭവം നടന്ന് 15 വർഷത്തിനുശേഷമാണ് പരാതി നൽകിയിരിക്കുന്നതെന്നുമാണ് ഹർജിയിൽ പറയുന്നത്.
2009ൽ 'പാലേരിമാണിക്യം' സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തിൽ നിന്ന് ദുരനുഭവം നേരിട്ടെന്നാണ് സി.പി.എം ആക്‌ടിവിസ്റ്റ് കൂടിയായ നടി പരാതി നൽകിയത്. ഇതിന് പിന്നാലെ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് രഞ്ജിത്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
'അകലെയിലെ' അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചതെന്നാണ് നടി പരാതിയിൽ വ്യക്തമാക്കുന്നത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ. രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളിൽ തൊട്ടു. മുടിയിൽ തലോടി കഴുത്തിലേയ്ക്ക് സ്‌പർശനം നീണ്ടപ്പോൾ ഇറങ്ങിയോടി. ടാക്‌സി വിളിച്ച് ഹോട്ടലിലേക്ക് പോയി. ഹോട്ടൽ മുറിയിലേക്ക് കടന്നുവരുമോയെന്ന് ഭയപ്പെട്ട് രാത്രി ഉറങ്ങിയില്ല.
തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. സ്വന്തം ചെലവിൽ തൊട്ടടുത്ത ദിവസം ബംഗാളിലേയ്ക്ക് മടങ്ങി. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. മലയാള സിനിമയിൽ പിന്നീട് അവസരം ലഭിച്ചില്ല. കേരളത്തിലേയ്ക്കും വന്നില്ല എന്നാണ് പരാതിയിൽ നടി പറഞ്ഞത്.
നടിയെ സിനിമയിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കാത്തതിന്റെ നീരസവും നിരാശയുമാണ് പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്റെ ആരോപണം. തന്നെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്നതിനായി ചില നിക്ഷിപ്ത താത്‌പര്യക്കാർ ഇത് ആളിക്കത്തിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫീസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ബംഗാളി നടി അപ്പാർട്ട്‌മെന്റിലുണ്ടായിരുന്ന മുഴുവൻ സമയവും അസോസിയേറ്റ് ഡയറക്‌ടർമാരായ ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, നിർമാതാവ് സുബൈർ, ഓഫീസ് അസിസ്റ്റന്റ് ബിജു തുടങ്ങിയവർ ഉണ്ടായിരുന്നു.
ശങ്കർ രാമകൃഷ്ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചർച്ച നടത്തിയത്. ശങ്കർ സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് പരാതിയിൽ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലുൾപ്പെട്ടിട്ടുള്ള വഞ്ചന വ്യക്തമാക്കുന്നു. അടുത്തിടെയാണ് തന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ഗോസിപ്പുകളോ വിവാദങ്ങളിലോ മറ്ര് ആരോപണങ്ങളിലോ ഉൾപ്പെടാതെ കഴിഞ്ഞ 37 വർഷമായി സിനിമാരംഗത്തുള്ള ആളാണ് താനെന്നും സംവിധായകൻ ജാമ്യഹർജിയിൽ പറയുന്നു.