'മൊഴി രേഖപ്പെടുത്തിയിട്ടില്ല, പരാതി നൽകിയപ്പോൾ ദുബായിൽ കേസ് കൊടുക്കാൻ പറഞ്ഞു'; നിവിൻ പോളി കേസിൽ പരാതിക്കാരി

Wednesday 04 September 2024 4:04 PM IST

കൊച്ചി: നിവിൻ പോളിക്കെതിരെ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യറായില്ലെന്ന് പരാതിക്കാരി. ആദ്യം ലോക്കൽ സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ദുബായിൽ നടന്ന സംഭവമാണ് അവിടെയാണ് കേസ് കൊടുക്കേണ്ടതെന്നാണ് അവർ പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.

തന്റെ മൊഴി പോലും ആദ്യം രേഖപ്പെടുത്തിയില്ലെന്ന് അവർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷം കേസ് വീണ്ടും കൊടുത്തപ്പോൾ നല്ല സമീപനമാണ് ലഭിച്ചത്. നീതി കിട്ടുമെന്നാണ് കരുതുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.

'എന്റെ പുറകിൽ ഒരു ഗ്രൂപ്പുമില്ല, ഞാൻ ഒറ്റയ്‌ക്കാണ്. നീതി കിട്ടുമെന്ന് ഉറപ്പുണ്ട്. ഇതുവരെ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടില്ല. നീതി കിട്ടുവരെ പോരാടും. പൊലീസ് പറയുന്ന എന്ത് നടപടിയ്ക്കും ഞാൻ തയ്യാറാണ്',- യുവതി വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായ ലൈംഗികാതിക്രമ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ നിവിൻ പോളി ഹൈക്കോടതിയെ സമീപിക്കും. തനിക്കെതിരായ ആരോപണം പച്ചക്കള്ളമാണെന്നാണ് നടന്റെ വാദം.

തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ നേരിട്ടു കാണുകയോ ഫോൺ വിളിക്കുകയോ വാട്സ് ആപ്പിൽ സന്ദേശം അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്ന് നിവിൻ പോളി ഇന്നലെ വ്യക്തമാക്കിയിരുന്നു. മന:പൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. പരാതി നൂറുശതമാനവുംഅടിസ്ഥാന രഹിതമാണ്. എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് നിയമം അതിന്റെ വഴിക്ക് പോകട്ടെ. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും നിവിൻ പറഞ്ഞിരുന്നു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നിവിൻ പോളിയടക്കം ആറു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറാം പ്രതിയായ നിവിൻ പോളിക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി.

Advertisement
Advertisement