പൊന്നാണ് മത്തി!
കൊച്ചി: ഇടയ്ക്ക് ചെറിയ തോതിൽ ലഭിച്ച മത്തി വീണ്ടും കേരളത്തിൽ കിട്ടാക്കനിയായി. കേരളതീരത്ത് മത്തി ലഭ്യത നന്നേ കുറഞ്ഞു, ക്ഷാമത്തിനൊപ്പം വിലയും കൂടി. 420 രൂപ വരെ കിലോയ്ക്ക് വാങ്ങുന്ന കച്ചവടക്കാരുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് മത്തിലഭ്യത കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
നിലവിൽ കേരളത്തിൽ മത്തിയെത്തുന്നത് തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നാണ്. തമിഴ്നാട്ടുകാർക്ക് മത്തിയോട് വലിയ പ്രിയമില്ലാത്തതിനാൽ കേരളത്തിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഇവ എത്തുന്നതും കുറവാണ്. ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും മത്സ്യം കുറവായതോടെ മത്സ്യത്തൊഴിലാളികൾ വലിയ അങ്കലാപ്പിലാണ്. കിളിമീൻ മാത്രമാണ് ലഭിക്കുന്നത്. അതും കുറവ്. കാലവർഷം തെറ്റുന്നത് മത്സ്യ ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
അപ്രതീക്ഷിത ന്യൂനമർദ്ദവും തുടർന്നുള്ള കടൽക്ഷോഭവും മുന്നറിയിപ്പുകളും പ്രതിസന്ധിയായി. ചാകര പ്രതീക്ഷയോടെ വായ്പയെടുത്ത് വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയും വലകൾ പുതുക്കി നെയ്തും കാത്തിരുന്ന തൊഴിലാളികൾ നിരാശരായി. പ്രതിവർഷം ഒമ്പതേകാൽ ലക്ഷം ടൺ മത്സ്യമാണ് കേരളത്തിനാവശ്യം. 6.5 ലക്ഷം ടൺ മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ബാക്കി തമിഴ്നാട്, ആന്ധ്ര, ഒറീസ, ഗോവ തീരങ്ങളിൽ നിന്നെത്തും. അയല, നത്തോലിയുടെയും ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഇവ കേരളതീരത്ത് നിന്ന് ലഭിക്കുന്നുണ്ട്. പൂവാലൻ ചെമ്മീൻ ധാരാളം ലഭിക്കുന്നുണ്ടെങ്കിലും 200 രൂപ വില ലഭിക്കേണ്ട മീൻ 60 രൂപയ്ക്കാണ് വിൽക്കുന്നത്.
പൊള്ളുന്ന മത്തി
മത്സ്യവിപണിയിൽ താരമാണ് മത്തിയിപ്പോൾ. പ്രതിദിനം മത്തിയുടെ വിലയിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഓരോ സ്ഥാലങ്ങൾക്ക് അനുസരിച്ച് വില കൂടിയും കുറഞ്ഞുമിരിക്കും. ചിലയിടങ്ങളിൽ 300-350, വീടുകളിൽ എത്തി വിൽക്കുന്നവർ 400-420 എന്നിങ്ങനെയാണ് നിരക്ക്. മാസങ്ങൾക്ക് മുമ്പും മത്തി പൊള്ളുന്ന വിലയിൽ എത്തിയിരുന്നു 300- 350 രൂപ വരെയായിരുന്നു അന്ന് വില.
മീൻ വില
മത്തി- 300- 420
അയല- 250- 330
നത്തോലി- 240
ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് നിരാശയായിരുന്നു ഫലം. ട്രോളിംഗ് നിരോധനത്തിന്റെ ഫലം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല
ചാൾസ് ജോർജ്,
സംസ്ഥാന പ്രസിഡന്റ്,
മത്സ്യത്തൊഴിലാളി ഐക്യവേദി