ഗുണാ കേവ് @ മറൈൻഡ്രൈവ്
കൊച്ചി: മറൈൻഡ്രൈവിലെ ഗുണാകേവിൽ പോയാലോ? മറൈൻ ഡ്രൈവിൽ എവിടെയാണ് ഗുണാകേവ് എന്നല്ലേ. ഓണം അടിപൊളിയാക്കാൻ എറണാകുളം മറൈൻഡ്രൈവിൽ ഒരുക്കിയിട്ടുള്ള 'ഓണംട്രേഡ് ഫെയറിലാണ്' കൊടൈയ്ക്കനാലിലെ ഗുണാകേവിന്റെ മാതൃക ഒരുക്കിയിട്ടുള്ളത്. ഗുണാകേവ് മാത്രമല്ല, കാനനയാത്രയും അരുമമൃഗങ്ങളുടെയും പക്ഷികളുടെയും വിശാല ലോകവും അത്ഭുതകൂടാരത്തിലുണ്ട്. നാളെ വൈകിട്ട് പൊതുജനങ്ങൾക്കായി ഓണംട്രേഡ് ഫെയർ തുറന്നുകൊടുക്കും.
ഉദ്ഘാടനം വൈകിട്ട് അഞ്ചിന് ചലചിത്രതാരം ഹണി റോസ് നിർവഹിക്കും. മഞ്ഞുമ്മൽ ബോയിസും വിശിഷ്ടാതിഥികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഗുണാകേവിലേക്ക് പോകുന്ന പാറയിടുക്കിന്റെ മാതൃകയിലൂടെ സന്ദർശകർക്ക് ഓണം വിപണന മേളയിലേക്ക് പ്രവേശിക്കാം. മനോഹരമായ വെള്ളച്ചാട്ടം ആസ്വദിച്ച ശേഷം തുടർന്ന് കാനനയാത്ര. കാട്ടിൽ നിന്ന് നേരെ പക്ഷികളുടെയും അരുമകളുടെയും വിശാല ലോകത്തേക്കാണ് സന്ദർശകർ തുടർന്ന് എത്തിപ്പെടുക. 150 രൂപയുടെ ലവ് ബേർഡ്‌സ് മുതൽ ലക്ഷങ്ങൾ വിലയുള്ള മെക്കാവു വരെ ഇവിടെയുണ്ടാകും. സിലിൻഡ്രിക്കൽ അക്വേറിയം,പെറ്റ്‌ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്.
നൂറ്റി അൻപതിലേറെ സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. കറിക്കത്തി മുതൽ കാറുകൾ വരെ ലഭിക്കുന്ന ബ്രാൻഡഡ് സ്റ്റാളുകളും ഉത്പ്പന്ന വിപണന മേളയും ഇതോടൊപ്പം തയാറാക്കിയിട്ടുണ്ട്. കുട്ടികൾക്കായി കിഡ്‌സ് സോൺ, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയുമുണ്ട്. രുചിഭേദങ്ങൾ ഒരുക്കുന്ന ഫുഡ്‌കോർട്ടുകളും സജ്ജം. പന്തൽ ട്രേഡ് ഫെയർ അസോസിയേറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെയർ ഒക്ടോബർ ആറിന് സമാപിക്കും. 100 രൂപയാണ് പ്രവേശഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജ്യമാണ്.