അടങ്ങാതെ അൻവർ; 'ഏറ്റെടുത്ത് ' സി.പി.എം, ആരോപണങ്ങൾ പാർട്ടി അന്വേഷിക്കും

Thursday 05 September 2024 4:12 AM IST


പി.ശശിക്കെതിരെയും അന്വേഷണം വരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ സി.പി.എമ്മും അന്വേഷണം നടത്തുമെന്ന് സൂചന. ആരോപണവിധേയരായ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന സർക്കാരിന്റെ അന്വേഷണം പ്രഹസനമാവുമെന്ന ആക്ഷേപങ്ങൾക്കിടെയാണ് പാർട്ടി ഇടപെടൽ.

അതേസമയം, മുഖ്യമന്ത്രിക്ക് മുന്നിൽ കീഴടങ്ങിയെന്ന് കരുതിയ അൻവർ പോരാളിയുടെ ഭാവത്തിൽ ഇന്നലെ വീണ്ടും രംഗത്തു വന്നു. മുഖ്യമന്ത്രിക്ക് അൻവർ എഴുതി നൽകിയ ആരോപണങ്ങളുടെ പകർപ്പ് ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നൽകി

കാര്യങ്ങൾ ധരിപ്പിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഗോവിന്ദൻ വിഷയം അവതരിപ്പിക്കും.

ആരോപണവിധേയരെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെങ്കിൽ മറുപടി പറയേണ്ടി വരുമെന്ന് അൻവർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടിറങ്ങിയ അൻവർ ആയുധംവച്ച് കീഴടങ്ങിയ മട്ടിലായിരുന്നു.എന്നാൽ ഇന്നലത്തെ മുഖഭാവവും, വാക്കുകളും പോരാളിയുടെ മട്ടിലും.

അൻവറിന്റെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് എൽ.ഡി.എഫ്

കൺവീനർ ടി.പി.രാമകൃഷ്ണനും പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള

എ.ഡി.ജി.പി സ്ഥാനത്ത് അജിത് കുമാറിനെ നിലനിറുത്തി നടത്തുന്ന

അന്വേഷണത്തിന്റെ സാംഗത്യം പരിശോധിക്കുമെന്നും, കുറ്റവാളികൾ

ആരായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞതും ശ്രദ്ധേയം.

പാർട്ടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധീശത്വത്തിനും, പി.ശശിയുടെ താൻപോരിമയ്ക്കും എതിരായ പടനീക്കം ശക്തിപ്പെടുന്നതായാണ് വിലയിരുത്തുന്നത്. പ്രത്യേകിച്ച്, ബ്രാഞ്ചുമുതൽ മേൽപ്പോട്ടുള്ള സമ്മേളനങ്ങൾ ഇതെല്ലാം ഇഴകീറി ചർച്ച ചെയ്യാനിരിക്കെ.

മുഖ്യമന്ത്രിയാക്കിയത്

പാർട്ടിയെന്ന് അൻവർ

സഖാവെന്ന നിലയിലുള്ള തന്റെ ദൗത്യം കഴിഞ്ഞെന്നും,ഇനി എല്ലാം പാർട്ടിയും സർക്കാരുമാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രിയെ കണ്ടശേഷം പിൻവാങ്ങൽ സ്വരത്തിൽ പറഞ്ഞ അൻവർ, താൻ വിപ്ളവം തുടങ്ങിയിട്ടേയുള്ളൂ എന്നാണ് ഇന്നലെ എം.വി.ഗോവിന്ദനെ കണ്ടശേഷം

പ്രതികരിച്ചത്.പിണറായി വിജയനെ ഉദ്ദേശിച്ച്, മുഖ്യമന്ത്രി വീട്ടിൽനിന്ന്

വരുന്നതല്ലെന്നും, പാർട്ടിയാണ് മുഖ്യമന്ത്രിയാക്കിയതെന്ന് പറഞ്ഞതും ശ്രദ്ധേയം.

പി.ശശിക്കെതിരെ

പടനീക്കം ശക്തം

പാർട്ടിയെ ഇരുട്ടിലാക്കി മുഖ്യമന്ത്രി നടത്തിയ ഒത്തുതീർപ്പ് അന്വേഷണത്തിൽ എം.വി.ഗോവിന്ദൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾ പലരും കടുത്ത അതൃപ്തിയിലാണ്. തനിക്കതിരെ ശക്തിപ്പെടുന്ന പടനീക്കം മണത്തറിഞ്ഞാണ് ഇന്നലെ പി.ശശി ഇംഗ്ളീഷ് വാരികയുമായുള്ള ടെലിഫോൺ അഭിമുഖത്തിൽ,1980ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായതു മുതൽ താൻ വേട്ടയാടപ്പെടുകയാണെന്ന് പറഞ്ഞത്. ഒരാരോപണത്തിലും പങ്കില്ലെന്നും, അന്വേഷണത്തെ ഭയമില്ലെന്നും പറഞ്ഞു. ഈ സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്താനും, 2026ൽ തലശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനുമുള്ള കരുനീക്കങ്ങളിലാണ് പി.ശശി. ഇതിനും തടയിടാൻ പാർട്ടിയിലെ എതിർചേരിയും.

സംസ്ഥാന സെക്രട്ടറിയായശേഷവും കണ്ണൂരിലെ ശാക്തിക ചേരികളിലും പാർട്ടിയിൽ പൊതുവെയും ദുർബലനായിരുന്ന എം.വി.ഗോവിന്ദനെ മുഖ്യമന്ത്രിയുടെ

ആജ്ഞാനുവർത്തിയായാണ് വ്യാഖ്യാനിച്ചിരുന്നത്. എന്നാൽ, പാർട്ടിയിലെ

പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിൽ

ചില കേന്ദ്രങ്ങളുടെ പിന്തുണയും ഗോവിന്ദനെ കരുത്തനാക്കി.

അതേസമയം, പി.ശശിയെ മാറ്റാൻ പാർട്ടിയിൽ ധൃതി പിടിച്ചൊരു

നീക്കത്തിന് സാദ്ധ്യത വിരളം. മുഖ്യമന്ത്രിയുടെ ഓഫീസിനെ

പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ അനുമതി

ലഭിക്കാനും ഇടയില്ല.

Advertisement
Advertisement