കുതിരയുമായി കുതിക്കാൻ നിദ
കൊച്ചി: ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യൻഷിപ്പായ എഫ്.ഇ.ഐ എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങി മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. കഴിഞ്ഞ വർഷം നടന്ന ജൂനിയർ ലോകചാമ്പ്യൻഷിപ്പ് നിദ വിജയകരമായി പൂർത്തിയാക്കിയിരുന്നു. സെപ്തംബർ ഏഴിന് ഫ്രാൻസിലെ മോൺപാസിയറിലാണ് സീനിയർ ലോക ചാമ്പ്യൻഷിപ്പ്.
40 രാജ്യങ്ങളിൽ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെൺകുതിര പെട്ര ഡെൽ റെയ്‌ക്കൊപ്പമാണ് നിദയിറങ്ങുന്നത്. നിദയുടെ ആൺകുതിരയായ ഡിസൈൻ ഡു ക്ലൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റർ ദൈർഘ്യമുള്ള ദുർഘടപാതയാണ് മത്സരത്തിൽ നിദയെ കാത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം കാസ്റ്റൽസെഗ്രാറ്റിൽ നടന്ന ഇക്വിസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലെ ജൂനിയർ ആൻഡ് യംഗ് റൈഡർ വിഭാഗത്തിലെ മത്സരയോട്ടം പൂർത്തിയാക്കിയാണ് നിദ ശ്രദ്ധേയയായത്. 120 കിലോമീറ്റർ ദൈർഘ്യമുള്ള ആ മത്സരം വെറും 7.29 മണിക്കൂർ കൊണ്ടാണ് നിദ പൂർത്തിയാക്കിയത്. എപ്സിലോൺ സലോ എന്ന കുതിരപ്പുറത്തേറിയാണ് നിദ മത്സരിച്ചത്.
ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. ചുറ്റുമുള്ളവരിൽ നിന്ന് കിട്ടുന്ന സ്നേഹവും പിന്തുണയും വിലമതിക്കാനാകാത്തതാണ്. ആഗോളവേദിയിൽ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അതെന്നെ പ്രചോദിപ്പിക്കുന്നു -
നിദ അൻജും ചേലാട്ട്