അച്ചടി നിലച്ചു, ആവിയായി ആർ.സി ബുക്കും ലൈസൻസും ! ലൈസൻസിനും ആർ.സി ബുക്കിനും നീണ്ട കാത്തിരിപ്പ്

Thursday 05 September 2024 12:40 AM IST

കരാർ കമ്പനിക്ക് ലക്ഷങ്ങൾ കുടിശ്ശിക

കൊല്ലം: ലൈസൻസി​ന്റെയും ആർ.സി​ ബുക്കി​ന്റെയും അച്ചടി​ക്കരാർ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനം, വൻ തുക കുടി​ശ്ശി​ക ആയതോടെ പി​ൻതി​രി​ഞ്ഞു നി​ൽക്കുന്നതി​നാൽ രണ്ടി​ന്റെയും വി​തരണം മുടങ്ങി​. മൂന്നു മാസം മുമ്പ് ടെസ്റ്റ് വി​ജയി​ച്ചവർക്കു പോലും പുതി​യ സ്മാർട്ട് ലൈസൻസ് കി​ട്ടുന്നി​ല്ല. ഐ.ടി.എൽ പെറ്റ്ജി ആണ് കരാർ ഏറ്റെടുത്തി​രുന്നത്.

അപേക്ഷകർ ലൈസൻസിനും ആർ.സി ബുക്കിനും അടച്ച ഫീസ് കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാന സർക്കാർ മോട്ടോർ വാഹന വകുപ്പിന് കൈമാറാത്തതാണ് കുടിശ്ശി​കയുടെ കാരണം. ജില്ലയിൽ ദിവസം ശരാശരി 200 പേരാണ് ഡ്രൈവിംഗ് ടെസ്റ്റ് വി​ജയി​ക്കുന്നത്. 150 ഓളം ആർ.സി ബുക്ക് അപേക്ഷകളും എത്താറുണ്ട്. ഇത്തരത്തിൽ ജില്ലയിൽ ഏകദേശം പതിനാറായിരത്തോളം പേർക്ക് ലൈസൻസ് കിട്ടാനുണ്ട്. പന്ത്രണ്ടായിരത്തോളം പേർ ആർ.സി ബുക്കിനായും കാത്തിരിക്കുകയാണ്.

വാഹന പരിശോധനയി​ൽ ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതിയെങ്കിലും പൊലീസ് അസൽ ലൈസൻസിനും ആർ.സി ബുക്കിനും വേണ്ടി നിർബന്ധം പിടിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് യാത്രപോകുന്നവരും സമാനമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

നൽകാനുള്ളത് (ഏകദേശം)

 ഡ്രൈവിംഗ് ലൈസൻസ്: 16,000

 ആർ.സി ബുക്ക്: 12,000

Advertisement
Advertisement