വിവാദങ്ങളിൽ മാണി ഗ്രൂപ്പിന് അതൃപ്തി

Thursday 05 September 2024 1:58 AM IST

കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരളാ കോൺഗ്രസ്- എമ്മിൽ അതൃപ്തി. ഭരണകക്ഷി എം.എൽ.എ പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി പാർലമെന്ററി പാർട്ടി അടിയന്തര യോഗം

തിങ്കളാഴ്ച രാത്രി കോട്ടയത്തെ സംസ്ഥാന സമിതി ഓഫീസിൽ ചേർന്നു.

ഇങ്ങനെ പോയാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു തിരിച്ചടി നേരിടുമെന്ന് അഭിപ്രായം ഉയർന്നെങ്കിലും വിവാദങ്ങളിൽ പരസ്യ പ്രതികരണം നടത്തി മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടെന്ന നിലപാട് ചെയർമാൻ ജോസ് കെ മാണി എം.പി സ്വീകരിച്ചു.പാർട്ടിയുടെ അതൃപ്തി എൽ.ഡി.എഫ് നേതൃയോഗത്തിൽ അറിയിക്കും.അൻവർ എം.എൽ.എ ഉയർത്തിയ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടും ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജന്റെ രാജിയും മുന്നണിയുടെ പ്രതിച്ഛായക്കു കോട്ടം വരുത്തിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.

അൻവറിന്റെ ആരോപണത്തിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ജോസ് പറഞ്ഞു..

അടുത്ത മാസം ചരൽക്കുന്നിൽ ചേരുന്ന പാർട്ടി നേതൃക്യാമ്പിൽ സർക്കാരിനെതിരായ ആരോപണങ്ങളിൽ വിശദമായ ചർച്ചയുണ്ടാകും.

പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ ലോക്‌സഭാ തിര‌ഞ്ഞെടുപ്പ് തോൽവിക്കു ശേഷം നേതൃ യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതിലും വിമർശനമുണ്ടായി.കേരളാ കോൺഗ്രസ് രൂപീകരിച്ച് 60 വർഷം തികയുന്ന ഒക്ടോബർ 9ന് ജന്മദിന സമ്മേളനം വിപുലമായി നടത്താനും തീരുമാനമായി.

Advertisement
Advertisement