തെറ്റ് ഏറ്റുപറഞ്ഞു, എന്നിട്ടും പി വി അൻവർ എം എൽ എയ്‌ക്കെതിരെ കേസെടുക്കാതെ പൊലീസ്‌

Thursday 05 September 2024 9:52 AM IST

തിരുവനന്തപുരം: ഫോൺ ചോർത്തിയെന്ന കുറ്റം ചെയ്‌തെന്ന് പി വി അൻവർ എം എൽ എ ഏറ്റുപറഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്. എ ഡി ജി പി അജിത്ത് കുമാർ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച വേളയിൽ തന്നെയാണ് താൻ ഫോൺ ചോർത്തിയിട്ടുണ്ടെന്ന് അൻവർ തുറന്നുപറഞ്ഞത്.

ഫോൺ ചോർത്തിയതിന് എന്ത് നടപടി സ്വീകരിക്കാനും താൻ തയ്യാറാണെന്നും അൻവർ വ്യക്തമാക്കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോഴൊക്കെയാണ് സാധാരണയായി മറ്റൊരാളുടെ ഫോൺ ചോർത്താൻ അനുമതിയുള്ളത്. അതും ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ഇതിനാവശ്യമാണ്. അല്ലാതെ ഹാക്കിംഗിലൂടെയോ അധികാരം ദുരുപയോഗം ചെയ്‌തോ ഒക്കെ ഫോൺ ചോർത്തുന്നത് ഗുരുതരമായ കാര്യമാണ്. എന്നിട്ടും അൻവറിനെതിരെ കേസെടുക്കാൻ പൊലീസ് മടിക്കുന്നതെന്തെന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സി പി എമ്മും അന്വേഷണം നടത്തുമെന്നാണ് സൂചന. ആരോപണവിധേയരായ എ ഡി ജി പിയേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്ന സർക്കാരിന്റെ അന്വേഷണം പ്രഹസനമാവുമെന്ന ആക്ഷേപങ്ങൾക്കിടെയാണ് പാർട്ടിയുടെ ഇടപെടൽ.

മുഖ്യമന്ത്രിക്ക് എഴുതി നൽകിയ ആരോപണങ്ങളുടെ പകർപ്പ് അൻവർ ഇന്നലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നൽകിയിരുന്നു. കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു. നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഗോവിന്ദൻ വിഷയം അവതരിപ്പിക്കുമെന്നാണ് സൂചന.