'46 രൂപയുടെ പഞ്ചസാര 33ന് കിട്ടുന്നില്ലേ, ഇതൊക്കെ വിലക്കയറ്റമാണോ?'; ന്യായീകരിച്ച് മന്ത്രി

Thursday 05 September 2024 3:21 PM IST

തിരുവനന്തപുരം: സപ്ലൈക്കോയിൽ അരിയും പഞ്ചസാരയുമുൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിപ്പിതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇപ്പോഴും പൊതുവിപണിയെക്കാൾ വിലകുറച്ചാണ് സപ്ലൈക്കോയിൽ ന.കുന്നതെന്നും മന്ത്രി പറഞ്ഞു.

46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്‌ക്ക് നൽകുന്നത് വിലക്കയറ്റമാണോ എന്ന് മന്ത്രി ചോദിച്ചു. ജനങ്ങൾക്ക് ആശ്വാസം പകരാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുവിപണിയെക്കാൾ വിലക്കുറവ് സപ്ലൈക്കോയിൽ തന്നെയാണെന്നും ഇന്ത്യയിൽ വേറെ ഏത് സർക്കാർ സ്ഥാപനം ഇത് ചെയ്യുന്നുണ്ടെന്നും മന്ത്രി ചോദിച്ചു.

സർക്കാരിന്റെ വിപണി ഇടപെടലിന് ഓരോ ഉൽപ്പന്നത്തിനും കുറയുന്നത് പത്തും പന്ത്രണ്ടും രൂപയാണെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്താൽ നട്ടം തിരഞ്ഞ ജനങ്ങൾ ഓണക്കാലത്ത് സപ്ലൈക്കോയിലെത്തിയപ്പോൾ പഞ്ചസാരയുടെയും അരിയുടെയും ഉൾപ്പെടെ വില വർദ്ധന കേട്ട് ഞെട്ടിയിരിക്കുന്നതിനിടെയാണ് മന്ത്രിയുടെ ന്യായീകരണം.

സപ്ലൈക്കോയിൽ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്ക് വില കിലോയ്‌ക്ക് 30 രൂപയിൽ നിന്ന് 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ൽ നിന്ന് 33 ആക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ൽ നിന്ന് 29 രൂപ ആക്കേണ്ടി വരുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിൽ വന്നിട്ടില്ല. 13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയിൽ ജയയ‌്‌ക്ക് മാത്രമാണ് വില വർദ്ധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽ നിന്ന് 115 ആക്കി.

ചെറുപയറിന്റെ വില 92ൽ നിന്ന് 90 ആയി കുറച്ചു. പഞ്ചസാരയുടെ വില 27ൽ നിന്ന് 33 ആക്കിയിരുന്നു. പൊതുവിപണിയിലേതിന് ആനുപാതികമായി സബ്‌സിഡി സാധനങ്ങളുടെ വിലയും പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

Advertisement
Advertisement