'അറിയപ്പെടുന്ന ദമ്പതികളുടെ സിനിമ, ഉപദ്രവം ബലാത്സംഗത്തിൽ വരെയെത്തി'; വെളിപ്പെടുത്തലുമായി നടി
സിനിമയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മലയാളത്തിലെ മുൻകാല നടി. 1980കളുടെ അവസാനത്തിൽ സിനിമയിലെത്തിയ ഇവർ പ്രശസ്തമായ ഒരുപിടി മലയാള സിനിമകളിൽ അഭിനയിച്ചതിനുശേഷം സിനിമ വിടുകയായിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ സിനിമയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
'അന്നെനിക്ക് 18 വയസായിരുന്നു പ്രായം. കോളേജിൽ ആദ്യവർഷ വിദ്യാർത്ഥിനിയായിരുന്നു. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിലെ അംഗമായിരുന്നു ഞാൻ. ഒരു ഫാന്റസി ലോകത്താണ് ഞാൻ ജീവിച്ചിരുന്നത്. ആദ്യമായി ഒരു തമിഴ് സിനിമയുടെ സ്ക്രീൻ ടെസ്റ്റിനായിരുന്നു പോയത്. സിനിമയിലെ അറിയപ്പെടുന്ന ദമ്പതികളുടെ സിനിമയായിരുന്നു അത്. കുറച്ച് ദിവസങ്ങൾക്കുശേഷം എന്നെ തിരഞ്ഞെടുത്തതായി അറിയിച്ചു.
കുടുംബത്തിന് ഞാൻ അഭിനയിക്കുന്നതിനോട് താത്‌പര്യമില്ലായിരുന്നു. എന്നാൽ എന്റെ സ്‌ക്രീൻ ടെസ്റ്റിനായി ഒരുപാട് പണം ചെലവായെന്ന് പറഞ്ഞ് അവർ നിർബന്ധിച്ചു. ഭാര്യ സംവിധാനം ചെയ്യുന്ന സിനിമയെന്ന് പറഞ്ഞാണ് ഒപ്പുവച്ചത്. എന്നാലത് പേപ്പറിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭർത്താവായിരുന്നു. താങ്കളുടെ ഒപ്പം ജോലി ചെയ്യാൻ പ്രശ്‌നമുണ്ടെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. അവരത് ഭർത്താവിനോട് പറഞ്ഞു. പിന്നീട് അയാൾ എന്നോട് മിണ്ടാതെയായി. ചിത്രീകരണത്തിനിടെ ദേഷ്യപ്പെട്ടു. പിന്നീട് ഞാൻ അയാൾ പറയുന്നതുപോലെ അനുസരിക്കാൻ തുടങ്ങിയപ്പോൾ അൽപം കൂടി മയപ്പെട്ടു. അവർ പതിയെ പതിയെ നിയന്ത്രണത്തിലാക്കുകയായിരുന്നു.
എന്നോട് വലിയ സ്‌നേഹം കാണിക്കുമായിരുന്നു. എന്നെ മകളെന്ന് വിളിച്ച് മിൽക്ക് ഷെയ്ക്കും മറ്റും വാങ്ങി നൽകുമായിരുന്നു. എന്റെ വീട്ടിലില്ലാത്ത സ്വാതന്ത്ര്യമായിരുന്നു അവിടെ ലഭിച്ചത്. അവർക്ക് ഞാൻ മകളെപ്പോലെ തന്നെയാകുമെന്നാണ് ഞാൻ കരുതിയത്. എന്റെ പ്രായമുള്ള ഒരു മകൾ അവർക്കുണ്ട്, ആ കുട്ടിയും സിനിമയിലുണ്ട്, അതുകൊണ്ട് അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല.
സത്യത്തിൽ ആ പെൺകുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. അയാളുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു. ആ കുട്ടി അയാൾക്കെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച് വീടുവിട്ട് പോവുകയായിരുന്നു. ആ കുട്ടി നുണ പറയുകയാണെന്നാണ് അന്ന് അയാളും ഭാര്യയും പറഞ്ഞത്.
ഒരിക്കൽ അയാളുടെ ഭാര്യ ഇല്ലാതിരുന്ന സമയത്ത് എന്നെ ചുംബിച്ചു. ഞാൻ മരവിച്ചുപോയി. അതിനെക്കുറിച്ച് എനിക്ക് ആരോടും പറയാൻ സാധിക്കുമായിരുന്നില്ല. എന്റെ തെറ്റാണെന്നാണ് ഞാൻ കരുതിയത്. ഓരോ ദിവസം കൂടുംതോറും ഉപദ്രവം വർദ്ധിച്ചു. അത് ബലാത്സംഗത്തിൽ വരെയെത്തി'-നടി വെളിപ്പെടുത്തി.