യുവതിയെ ആക്രമിച്ച മുൻ ഭർത്താവിനെ പിടികിട്ടിയില്ല
മുക്കം : മുൻ ഭർത്താവ് കുത്തി പരിക്കേൽപ്പിക്കുകയും ആസിഡ് ഒഴിക്കുകയും ചെയ്‌ത യുവതിയുടെ നില മെച്ചപ്പെടുന്നു. കോഴിക്കോടു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെരിങ്ങമ്പുറത്ത് ബാലകൃഷ്ണൻ മകൾ സ്വപ്‌നയെ വാർഡിലേക്ക് മാറ്റി. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്.
ഓടി രക്ഷപ്പെട്ട പ്രതി മാവൂർ തെങ്ങിലക്കടവിലെ സുഭാഷിനെ പറ്റി സൂചനകളൊന്നുമില്ല ഗൾഫിൽ ജോലിയുള്ള സുഭാഷ് നാട്ടിലെത്തിയതായി വീട്ടുകാർക്കോ ബന്ധുക്കൾക്കൊ വിവരമില്ല. ആക്രമണത്തിന് ശേഷം ഇയാൾ ഗൾഫിലേക്ക് മടങ്ങി പോയിരിക്കാമെന്നാണ് കരുതുന്നത്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകനുള്ള ഇവർ ആറുമാസം മുമ്പാണ് വിവാഹമോചനം നേടിയത്. മദ്ധ്യസ്ഥർ മുഖേന ഉണ്ടാക്കിയ ധാരണ പ്രകാരം വിവാഹമോചനം നേടി കോടതിയിലെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ ജോലി സ്ഥലത്തു നിന്ന് മടങ്ങുകയായിരുന്ന സ്വപ്ന വീടിന്റെ പരിസരത്ത് റോഡിൽ വച്ചാണ് ആക്രമണത്തിനിരയായത്. ഒരു സ്വകാര്യ ക്ലിനിക്കിലാണ് ഇവർക്ക് ജോലി. അക്രമി കത്തി കൊണ്ട് പലതവണ കുത്തുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. പ്രാണരക്ഷാർത്ഥം അടുത്ത വീട്ടിൽ ഓടിക്കയറിയ യുവതിയെ നാട്ടുകാരാണ് ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്.