ഹേമ കമ്മിറ്റി റിപ്പോർട്ട്:  വനിതാ ജഡ്ജിയുള്ള പ്രത്യേക ബെഞ്ചിലേക്ക്

Friday 06 September 2024 12:09 AM IST

കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേക ബെഞ്ചിന് ഹൈക്കോടതി രൂപംനൽകി. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ചലച്ചിത്രരംഗത്ത് വനിതകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുകൾ ഉൾപ്പെടുന്ന ഹേമ കമ്മിറ്റിയുടെ സമ്പൂർണറിപ്പോർട്ടിന്റെ പകർപ്പ് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ചിട്ടുണ്ട്. സെപ്തംബർ പത്തിന് ഈ ഹർജി പ്രത്യേകബെഞ്ചാകും കേൾക്കുക.