നൂറിലേക്ക് താഴ്‌ന്ന വില ഒറ്റയടിക്ക് 600ലെത്തി,​ കർഷകരെ ഹാപ്പിയാക്കി വീണ്ടും കച്ചവടം കൊഴുക്കുന്നു

Friday 06 September 2024 1:59 AM IST

ചാലക്കുടി: അരളിപ്പൂവ് ജീവഹാനിക്ക് ഇടയാക്കുമെന്ന ആശങ്കയ്ക്ക് ഇടമില്ലാതായി ഇക്കുറിയും പൂക്കളത്തിലെ താരമാകാൻ വീണ്ടും അരളി.

അറിയാതെ അരളിപ്പൂവ് ചവച്ചിറക്കിയതിനെ തുടർന്ന് യുവതി മരിച്ചുവെന്ന വാർത്തയാണ് അരളിപ്പൂവ് ആളുകളെ ഭയപ്പെടുത്തി തുടങ്ങിയത്. തുടർന്ന് വീടുകളിൽനിന്ന് അരുളിച്ചെടിയെ പിഴുതെറിഞ്ഞു, ക്ഷേത്രങ്ങളിൽ അരളി പൂക്കൾക്ക് ഭാഗികമായി വിലക്കി, ചില ക്ഷേത്രങ്ങളിൽ നിവേദ്യത്തിൽ ചേർക്കുന്നതിന് വിലക്കി. വാങ്ങാൻ ആളില്ലാതായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂവിന്റെ വരവും നിലച്ചു.

കിലോയ്ക്ക് നൂറു രൂപവരെ വില താഴ്‌ന്നെങ്കിലും പൂക്കടയിൽ ഇവയെ കണ്ടാൽ ആളുകൾ മുഖം തിരിഞ്ഞിരുന്നു. ഓണം എത്തിയതോടെ വീണ്ടും അരളി പൂക്കൾ താരമായി. ദേശീയപാതയിലെ മീഡിയകളിലാണ് കേരളത്തിലെ ഏറ്റവും കൂടുതൽ അരുളിച്ചെടികൾ വളരുന്നത്. വാഹനങ്ങളുടെ രാത്രികാല യാത്ര സുഗമമാക്കുന്നതിനും പുക പടലങ്ങൾക്ക് തടയിടുന്നതിനും മീഡിയനുകളിൽ തണൽച്ചെടികൾ വച്ചു പിടിപ്പിക്കാനും മുഖ്യസ്ഥാനം അരളിക്കാണ്. ചാലക്കുടി പ്രദേശത്ത് പലയിടത്തും ഇത്തരത്തിൽ അരളിച്ചെടികൾ പൂത്തുനിൽക്കുന്നുണ്ട്.

മറുനാടൻ അരളി മുഖ്യം


അത്തപ്പൂക്കളത്തിൽ ഓണം അടുത്തതോടെ അരളിപ്പൂവ് കിലോയ്ക്ക് 220 രൂപയാണ് വില. ദിണ്ഡിഗൽ, മൈസൂർ, മധുര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അരളിപ്പൂക്കൾ എത്തുന്നത്. പിങ്ക് നിറത്തിലെ പൂക്കളാണ് വിപണിയിലെ താരം. വെള്ളയും ചുവപ്പും അരളിപ്പൂകളുമുണ്ട്. എന്നാൽ ഇവയ്ക്ക് കിലോയ്ക്ക് 600 മുതൽ 800 രൂപവരെയാണ് വില.

പ്രതിസന്ധിയുടെ കാലഘട്ടം കഴിഞ്ഞ് അരളി പൂക്കളുടെ കച്ചവടം കാര്യമായി നടക്കുന്നു.
ശ്രീ വത്സൻ.

ചാലക്കുടിയിലെ പൂക്കട ജീവനക്കാരൻ

Advertisement
Advertisement