4200 കോടിയുടെ വായ്പാനുമതി: കേരളത്തിന് ഓണത്തിന് കേന്ദ്രത്തിന്റെ തലോടൽ

Friday 06 September 2024 2:37 AM IST

തിരുവനന്തപുരം:ഓണചെലവിന് വഴി കാണാതെ നട്ടം തിരിഞ്ഞ സംസ്ഥാനത്തിന് 4200 കോടി വായ്പയെടുക്കാൻ അനുമതി നൽകി കേന്ദ്രസർക്കാരിന്റെ തലോടൽ.ഇത് ഏത് ഇനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മാത്രം.

കണക്കനുസരിച്ച് കേരളത്തിന് 3.5% വായ്പയെടുക്കാനാണ് അനുമതി.അത് പ്രകാരം 44,528 കോടി രൂപ കടമെടുക്കാൻ കഴിയുമായിരുന്നു. അതിൽ കേന്ദ്രം 7016 കോടി വെട്ടികുറച്ചു.അതോടെ വായ്പാപരിധി 37512കോടിയായി കുറഞ്ഞു.ഇതിൽ നിന്ന് കിഫ്ബിയുടേയും സാമൂഹ്യസുരക്ഷാപെൻഷന്റേയും ട്രഷറിയിലെ നീക്കിയിരുപ്പിന്റേയും പേരിൽ 12000 കോടി കൂടി കുറയ്ക്കുമെന്നും സൂചനയുണ്ടായിരുന്നു.ഇത് ശരിയല്ലെന്ന് എ.ജി.യുടെ റിപ്പോർട്ട് അടക്കമുള്ള തെളിവുകളുമായി കേരളം ഡൽഹിയിൽ പോയി വാദിച്ചു.ഇത് ഭാഗികമായി അംഗീകരിച്ചാണ് ഇപ്പോൾ 4200കോടി അനുവദിച്ചതെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടൽ.

. കേരളത്തിന്റെ വായ്പാ പരിധി പുനർനിർണ്ണയിച്ചതായും പറയുന്നില്ല.നേരത്തെയുള്ള അറിയിപ്പ് പ്രകാരം ഡിസംബർ വരെ 21700 കോടിയായിരുന്നു അനുമതി.അതിൽ 21000 കോടിയും സെപ്തംബർ രണ്ടിന് 3000കോടിയും എടുത്തതോടെ തീർന്നു.ഓണക്കാലത്ത് സാമൂഹ്യക്ഷേമപെൻഷൻ ഉൾപ്പെടെയുള്ളവയുടെ വിതരണത്തിന് കൂടുതൽ പണം കണ്ടെത്തേണ്ടതുണ്ട്. അതിനായി സഹകരണ ബാങ്ക് കൺസോർഷ്യവുമായി ചർച്ച നടത്തിവരുന്നതിനിടയിലാണ് കേന്ദ്രം 4200കോടി വായ്പാനുമതി നൽകിയുള്ള അറിയിപ്പ് കിട്ടിയത്. ഇന്നും നാളെയുമായി സർക്കാർ ജീവനക്കാരുടെ ബോണസ്,ഉൽസവബത്ത,അഡ്വാൻസ്, സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം തുടങ്ങിയവയുടെ അറിയിപ്പുകൾ പുറത്തു വരുമെന്നാണ് ധനവകുപ്പ് നൽകുന്ന സൂചന. ഇക്കുറി രണ്ടുഗഡു സാമൂഹ്യസുരക്ഷാപെൻഷൻ കുടിശിക നൽകാനാണ് ആലോചന.

Advertisement
Advertisement