തലസ്ഥാന നഗരത്തിലുള്ളവർ സൂക്ഷിച്ചുനടക്കണം, നായ്‌ക്കളിൽ മൂന്നിലൊന്നിനും പേവിഷബാധയെന്ന് പഠനറിപ്പോർട്ട്

Friday 06 September 2024 4:20 PM IST

തിരുവനന്തപുരം: കേരളത്തിൽ മിക്ക പൊതുയിടങ്ങളിലും പതിവായി കാണുന്ന കാഴ്‌ചയാണ് തെരുവ്‌ നായ്ക്കളുടേത്. ഒറ്റയ്‌ക്കും കൂട്ടമായും അവ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മനുഷ്യർക്കൊപ്പം കൂടുന്നു. പലപ്പോഴും മനുഷ്യസഞ്ചാരം കുറയുമ്പോൾ അവ തെരുവുകൾ കീഴടക്കുന്നു. ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം നഗരത്തിൽ ഒരു നായതന്നെ 30ലധികം പേരെ കടിച്ചത്.

പാലോടുള്ള സ്‌റ്റേറ്റ് ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് (എസ്‌‌ഐ‌എഡി) മൃഗ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ലഭിച്ച നായ്‌ക്കളുടെ മൂന്നിലൊന്ന് സാമ്പിളുകളിലും നായ്‌ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു. എസ്‌ഐ‌എഡി ശേഖരിച്ച 57 തെരുവ്‌നായ സാമ്പിളുകളിൽ 15 എണ്ണവും പേവിഷബാധ പരിശോധനയിൽ പോസിറ്റീവായിരുന്നു.

ആയുർവേദ കോളേജിന് സമീപവും വിളപ്പിൽ ശാലയിലും നിരവധി ആളുകളെ കടിച്ച രണ്ട് നായ്‌ക്കളുടേതടക്കമാണ് പോസിറ്റീവായത്. മൃഗസംരക്ഷണവകുപ്പിന് കീഴിൽ പേവിഷബാധ പരിശോധന നടത്തുന്ന സംസ്ഥാനത്തെ അ‌ഞ്ച് കേന്ദ്രങ്ങളിൽ ഒന്നാണ് പാലോടുള്ളത്. അനിമൽ ബർത് കൺട്രോൾ (എബിസി) പ്രോഗ്രാം നടപ്പാക്കുന്നതിലെ പോരായ്‌മായാണ് ഇതിലൂടെ കാണുന്നതെന്ന് എസ്‌ഐഎഡിയിലെ രോഗാന്വേഷണ ചുമതലയുള്ള ഓഫീസർ ഡോ.സഞ്ജയ് ദേവരാജൻ പറഞ്ഞു. നായ്‌ക്കളിലെ പ്രജനനം കുറയ്‌ക്കുന്നതിലെ തകർച്ചയാണ് ഇതിന് കാരണമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

ഈ പ്രശ്‌നം പരിഹരിക്കാൻ എബിസി പദ്ധതിയും വാക്‌സിനേഷനും വർദ്ധിപ്പിക്കാനാണ് കോർപറേഷൻ ശ്രമിക്കുന്നത്. വാക്‌സിനേഷൻ നടപടി ശക്തമാക്കാൻ കംപാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷനുമായി ധാരണാപത്രവും പുതുക്കിയിട്ടുണ്ട്. ഇപ്പോൾ കോർപറേഷൻ പരിധിയിൽ പിഎംജിയിലും പേട്ടയിലുമുള്ള മൃഗാശുപത്രികളിൽ മാത്രമാണ് എബിസി ശസ്‌ത്രക്രിയ നടത്തുന്നത്.

നഗരസഭയും സിഎ‌ഡബ്ളിയുഎയും ചേർന്ന് നടത്തിയ സർവെയിൽ 8679 തെരുവ്‌നായ്‌ക്കളാണ് നഗരസഭാ പരിധിയിൽ ഉള്ളത്. ഇതിൽ 42 ശതമാനം എണ്ണത്തിനും വാക്‌സിനേഷൻ നൽകി. നായ്‌ക്കൾ മറ്റ് രോഗകാരണമായ പരാന്നഭോജികളായ ജന്തുക്കളെയും വഹിക്കുന്നുണ്ട് (ചെള്ള് മുതലായവ)​. ഇവ വാക്‌സിൻ കുത്തിവച്ച നായ്‌ക്കളിൽ പോലും ആന്റിബോഡി അളവ് കുറയ്‌ക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. നായ്ക്കൾക്ക് പുറമേ 21 പൂച്ചകൾക്കും മൂന്ന് കുറുനരികൾക്കും ഒരു പശുവിനും ഒരു പുള്ളിപ്പുലിയ്‌ക്കും സ്‌റ്റേറ്റ് ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസിൽ പരിശോധന നടത്തിയിരുന്നു.