'എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി, മോദിയുണ്ടെന്ന ധൈര്യം'
തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി എഡിജിപി എംആർ അജിത്കുമാർ കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി സന്ദർശനം നടത്തിയതെന്ന് മുരളീധരൻ ആരോപിച്ചു.
'മുഖ്യമന്ത്രിക്ക് ചില കാര്യങ്ങൾ നേടാൻ ഏറ്റവും വിശ്വസ്‌തൻ എഡിജിപിയാണെന്ന് മനസിലായി. എഡിജിപിക്ക് ബിജെപിയുമായി നല്ല ബന്ധമുണ്ട്. നാളെ കേരളം കൈവിട്ടാലും ഡൽഹിയിൽ മോദിയുണ്ടല്ലോ എന്ന ധൈര്യമാണ് അജിത് കുമാറിന്. അല്ലെങ്കിൽ ഇത്രയും ധൈര്യം ഒരു എഡിജിപി കാണിക്കുമോ? അതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ഇനി മുഖ്യമന്ത്രിക്ക് ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഏതാണ്ട് ചക്രവ്യൂഹത്തിൽപ്പെട്ട സ്ഥിതിയാണ് മുഖ്യമന്ത്രിക്ക്.
എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ രണ്ട് ദിവസമായി മുഖ്യമന്ത്രി മറുപടി പറയാതിരുന്നപ്പോൾ തന്നെ ഉറപ്പായിരുന്നു ഇതിൽ നിഷേധിക്കാനാവാത്ത സാഹചര്യമുണ്ടെന്ന്. സത്യം പുറത്തുവന്നു. അജിത് കുമാർ കണ്ടു, പക്ഷേ അത് വ്യക്തിപരമായിട്ടാണ്. എന്ത് വ്യക്തിപരം?
കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒരുമിച്ച് എതിർക്കുന്ന പ്രസ്ഥാനമാണ് ആർഎസ്‌എസ്. അങ്ങനെയൊരു പ്രസ്ഥാനത്തിന്റെ ദേശീയ നേതാവിനെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയെ അറിയിക്കേണ്ടതില്ലേ? കേരളത്തിന്റെ ആർഎസ്‌എസ് നേതാവ് ജയകുമാർ ക്ളാസ്‌മേറ്റ്‌സ് ആണെന്നാണ് പറയുന്നത്. ജയകുമാറിന്റെ വീട്ടിൽ അല്ലല്ലോ പോയത്. ആർഎസ്‌എസ് നേതാവിനെ കാണാൻ തന്നെയല്ലേ?
തൃശൂർ പൂരം കലക്കിയതാണ് കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കിയത്. തൃശൂർ പൂരം കലങ്ങിയതിനെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഞാൻ കത്ത് നൽകിയിട്ടുണ്ട്. അതിൽ തീരുമാനമുണ്ടാകണം'- മുരളീധരൻ പറഞ്ഞു.
ആർഎസ്‌എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ എഡിജിപി അറിയിച്ചുവെന്നത് മാദ്ധ്യമവാർത്തയാണെന്നും വസ്തുത അറിയില്ലെന്നും സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. വാർത്ത അനുസരിച്ചാണെങ്കിൽ വളരെ ഗൗരവതരമായ കാര്യമാണ്. എഡിജിപി സന്ദർശനം നടത്തിയത് പൂരം അലങ്കോലമാക്കാനാണെങ്കിൽ ഇതിൽ ഒരു കക്ഷി ആർഎസ്‌എസ് ആണെന്ന് ഉറപ്പായിരിക്കുകയാണ്. പൂരം കലക്കിയാൽ വിജയിക്കുമെന്ന താത്‌പര്യം ആർഎസ്‌എസിന്റേതാണെന്നും സുനിൽ കുമാർ പറഞ്ഞു.