മാമിയുടെ തിരോധാനം: ക്രൈംബ്രാഞ്ചിന് വിട്ടത് സി.ബി.ഐയെ വെട്ടാൻ
തിരുവനന്തപുരം:എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ പ്രമുഖ റിയൽഎസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ്ആട്ടൂരിന്റെ(മാമി) തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ.
ക്രൈംബ്രാഞ്ചന്വേഷണം ചൂണ്ടിക്കാട്ടി സി.ബി.ഐയെ തടയുകയാണ് ലക്ഷ്യം.
അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് മലപ്പുറം എസ്.പി എസ്.ശശിധരൻ ദിവസങ്ങൾക്ക് മുമ്പ് ഡി.ജി.പിക്ക് ശുപാർശ നൽകിയിരുന്നു. ഡി.ജി.പിയും അനുകൂലിച്ചു. എന്നാൽ, പൊലീസ് ഉന്നതൻ ഇടപെട്ടതോടെ ക്രൈംബ്രാഞ്ച് മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
2023 ആഗസ്റ്റ് 22നാണ് അരയിടത്തു പാലത്തെ ഓഫീസിൽ നിന്നിറങ്ങിയ മാമിയെ കാണാതായത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ ഭാര്യറുക്സാന നൽകിയ ഹർജി ഹൈക്കോടതി ഒക്ടോബർ ഒന്നിന് പരിഗണിക്കുന്നുണ്ട്. അന്വേഷണത്തിൽ എ.ഡി.ജി.പി ഇടപെട്ടെന്നാണ് മകൾ അദീബയുടെ ആരോപണം.
മാമി കൊല്ലപ്പെട്ടതായി പി.വി.അൻവർ എം.എൽ.എ സംശയമുന്നയിക്കുകയും ചെയ്തിരുന്നു. നടക്കാവ് സി.ഐയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറും അന്വേഷിച്ചെങ്കിലും മാമി എവിടേക്കോ ഓടിപ്പോയെന്നാണ് പൊലീസ്നിഗമനം.
ബിസിനസ് ആവശ്യങ്ങൾക്കായി ഹൈദരാബാദിലും മുംബയിലുമൊക്കെ മാമി പോയിട്ടുണ്ട്. ഇവിടെയെല്ലാം അന്വേഷണ സംഘം എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. തിരോധാനത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
അന്വേഷണത്തിലെ
അട്ടിമറി സൂചനകൾ
1.മാമി നടത്തിയ കോടികളുടെ ഇടപാടുകൾ പിന്തുടർന്നെങ്കിലും ഒരു തുമ്പുമുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞില്ല. റിയൽഎസ്റ്റേറ്റിലും വ്യാപാരസമുച്ചയങ്ങളിലും നിക്ഷേപമുണ്ടായിരുന്ന മാമിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനുമായില്ല.
2. നേരത്തെ ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെകണ്ട് മടങ്ങിയ ഉടൻ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ആദ്യഅന്വേഷണസംഘത്തെ മാറ്റി പുതിയത് രൂപീകരിച്ചു. മേൽനോട്ടത്തിനുള്ള മലപ്പുറം എസ്.പിയൊഴിച്ച് എല്ലാവരും പഴയ സംഘാംഗങ്ങൾ.
3.സുഹൃത്തുക്കൾ, റിയൽഎസ്റ്റേറ്റ് ഇടനിലക്കാർ, ബിസിനസുകാരടക്കം നിരവധിപേരെ ചോദ്യംചെയ്തു. കോഴിക്കോട്ടെ ക്വട്ടേഷൻ തലവന് 10 ലക്ഷം നൽകി വകവരുത്തിയെന്ന വിവരം സ്ഥിരീകരിക്കാൻ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.
4. മാമിയുടെ മൊബൈൽഫോണിലെ വിവരങ്ങൾ ഡി.ജി. പി ആവശ്യപ്പെട്ടതനുസരിച്ച് അമേരിക്കയിലെ ഗൂഗിൾ ആസ്ഥാനം കൈമാറിയിരുന്നു. ടവർഡംപ്ഡേറ്റ, ഗൂഗിൾഡേറ്റ എന്നിവയാണ് നൽകിയത്. തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ കോഴിക്കോട്ടെ മൂന്നു ടവറുകളിൽ നിന്ന് കിട്ടി. പക്ഷേ അന്വേഷണം മുന്നോട്ടുപോയില്ല.
`ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്. സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെട്ടിരുന്നത്. നീതി കിട്ടിയില്ലെങ്കിൽ സി.ബി.ഐ അന്വേഷണത്തിനായി സമരത്തിനിറങ്ങും.'
- മാമിയുടെ സഹോദരൻ അബ്ദുള്ള
( കോഴിക്കോട്ട് പറഞ്ഞത്)