അജിത് കുമാറുമായി  ബന്ധപ്പെട്ട   വിവാദങ്ങൾ;  ക്ലിഫ്  ഹൗസിൽ മുഖ്യമന്ത്രിയും ഡിജിപിയുമായി നിർണായക  കൂടിക്കാഴ്ച

Saturday 07 September 2024 9:19 PM IST

തിരുവനന്തപുരം: എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ട് നിന്നു. എഡിജിപിക്കെതിരായ അന്വേഷണ വിവരങ്ങൾ ഡിജിപി ഷേക്ക് ദര്‍വേശ് സാഹിബ്‌ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം. ക്രെെംബാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു.

എഡിജിപി എം ആർ അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ മാത്രമല്ല, ആർ.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. അജിത് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം ശക്തമാണ്.

ബി.ജെ.പി. മുൻ ജനറൽ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച എന്നും വിവരമുണ്ട്.

രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തി. എന്തായിരുന്നു കൂടിക്കാഴ്‌ചയുടെ ലക്ഷ്യം എന്ന് വ്യക്തമല്ല. സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൃശ്ശൂരും ​ഗുരുവായൂരിലുമായി അജിത്ത് കുമാർ സജീവമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എം.ആര്‍.അജിത്കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു.

സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ എം.ആര്‍.അജിത് കുമാര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലാണ് സ്ഥലത്തെത്തി ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയത്.