ഗഗൻയാൻ ആളില്ലാ പറക്കൽ ഡിസംബറിൽ

Sunday 08 September 2024 12:00 AM IST

തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാനിന്റെ ആളില്ലാത്ത ആദ്യ പരീക്ഷണ പറക്കൽ ഡിസംബറിൽ നടക്കും.ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

അടുത്ത വർഷം ഒടുവിലാണ് ഗഗൻയാൻ മനുഷ്യ ദൗത്യം. അതിന് മുന്നോടിയായി ആളില്ലാത്ത രണ്ട് പരീക്ഷണ പറക്കൽ നടത്തും. ഗഗൻയാൻ പേടകം തന്നെയാണ് ഡിസംബറിൽ പറക്കുക. രണ്ടാം പറക്കലിൽ സ്ത്രീ രൂപമുള്ള വ്യോമമിത്ര എന്ന റോബോട്ടായിരിക്കും. മൂന്നാം പറക്കലിലാണ് ഇന്ത്യൻ സഞ്ചാരികൾ കയറുക.

ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും ശക്തിയുള്ള റോക്കറ്റായ എൽവിഎം 3ലാണ് ഡിസംബറിലെ വിക്ഷേപണം. പരീക്ഷണ പേടകത്തിന്റെ ക്രൂ മൊഡ്യൂൾ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലും സർവീസ് മൊഡ്യൂൾ ബംഗളുരു യു.ആർ റാവു സാറ്റലൈറ്റ് സെന്ററിലും സംയോജിപ്പിക്കുകയാണ്. അടുത്തമാസം പേടകം വിക്ഷേപണകേന്ദ്രമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെത്തിക്കും. എൽവിഎം 3 റോക്കറ്റും ശ്രീഹരിക്കോട്ടയിൽ സംയോജനഘട്ടത്തിലാണ്‌.

ഗഗൻയാനിൽ വ്യോമമിത്രയും കായീച്ചകളും

ഗഗൻയാൻ മനുഷ്യ ദൗത്യത്തിൽ ഇന്ത്യൻ സഞ്ചാരികൾക്കൊപ്പം വ്യോമമിത്ര എന്ന ഹ്യൂമനോയിഡും കർണാടക ധാർവാഡ് കാർഷിക സർവകലാശാലയിൽ നിന്നുള്ള കായീച്ചകളും ഉണ്ടാവും. കായീച്ചകൾക്ക് ഗുരുത്വാകർഷണം ഇല്ലാത്ത ഇടങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ പഠിക്കാനാണിത്. ഈ വിവരങ്ങൾ ഭാവി ദൗത്യങ്ങളിൽ സഞ്ചാരികളുടെ ആരോഗ്യ പാലനത്തിന് പ്രയോജനപ്പെടും. ബഹിരാകാശ സഞ്ചാരികളുടെ എല്ലുകൾക്കുണ്ടാകുന്ന ശോഷണം,വൃക്കകളിലെ കല്ല് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരവും പഠനങ്ങളുടെ ലക്ഷ്യമാണ്. 78ലക്ഷം രൂപ മുടക്കി രണ്ടുവർഷം നീണ്ട ഗവേഷണത്തിലാണ് യാത്രയ്ക്കുള്ള കിറ്റ് വികസിപ്പിച്ചത്. തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയാണ് കിറ്റിന്റെ ഹാർഡ് വെയർ ഒരുക്കിയത്. 20 ആൺ – പെൺ കായീച്ചകൾ ഉൾപ്പെട്ട കിറ്റിൽ പ്രജനനസൗകര്യവും ഗോതമ്പ് നുറുക്കും ശർക്കരയും സോഡിയം ഓക്സലേറ്റും ചേർത്ത ഭക്ഷണവും ഉണ്ടാവും.

മുമ്പേ പറക്കാൻ ശുഭാംശു

ഗഗൻയാൻ പുറപ്പെടും മുമ്പ് ബഹിരാകാശത്തേക്ക് പറക്കാൻ നാല് ഗഗൻയാൻ യാത്രികരിലെ വിംഗ് കമാൻഡർ ശുഭാംശു ശുക്ള അമേരിക്കയിലെത്തി. നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ രണ്ടാഴ്ച താമസിക്കുന്ന ശുഭാംശു ബഹിരാകാശ യാത്രയിൽ ആദ്യാനുഭവം നേടും. അടുത്തമാസമാണ് യാത്ര. ശുഭാംശുവിന് സ്പെയ്സ് എക്സിലെ ക്യാപ്റ്റൻ പെഗ്ഗി വിറ്റ്സണിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. ശുഭാംശുവിന്റെ പകരക്കാരനായ പ്രശാന്ത് ബാലകൃഷ്ണൻനായരും പരിശീലനത്തിനുണ്ട്. നാസയുടെ ആക്സിയം 4 ദൗത്യത്തിൽ സ്പെയ്സ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു പോവുക.ഫ്ളോറിഡയിൽ നിന്നാണ് വിക്ഷേപണം.

ഗഗൻയാൻ ദൗത്യം

ബഹിരാകാശ യാത്രികരെ ഭൂമിയിൽ നിന്ന് 400കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ച് മൂന്നു ദിവസത്തിനുശേഷം തിരിച്ചിറക്കുന്നതാണ് ഗഗൻയാൻ ദൗത്യം. ഭൂമിയെ 16 തവണ വലം വച്ചശേഷം ബംഗാൾ ഉൾക്കടലിലാണ് പേടകം തിരിച്ചിറക്കുക.