കോവളത്തും അജിത്ത് കൂടിക്കാഴ്ച നടത്തി, ആർ.എസ്.എസ് നേതാവിനെ കണ്ടത് രണ്ടു വി.ഐ.പികളുമായി
തൃശൂരിലെ കൂടിക്കാഴ്ച എ.ഡി.ജി.പി സമ്മതിച്ചു
ഒഴിഞ്ഞുമാറാനാകാതെ സർക്കാർ
തിരുവനന്തപുരം: തൃശൂരിൽവച്ച് ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഇന്നലെ തുറന്നു പറഞ്ഞതിനു പിന്നാലെ, കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മറ്റൊരു ഉന്നത ബി.ജെ.പി നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരവും പുറത്തുവന്നു.ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ദർവേഷ് സാഹിബിനെ അടിയന്തരമായി വിളിച്ചുവരുത്തി. അതു സംബന്ധിച്ച വിശദാംശങ്ങൾ രാത്രി വൈകിയും പുറത്തുവന്നിട്ടില്ല. അജിത്ത് നാലു ദിവസം അവധിയിൽ പോകുന്നുണ്ട്. പക്ഷേ, അത് സെപ്തംബർ 14 മുതൽ 17വരെയാണ്.
ആർ.എസ്.എസിന്റെ ദേശീയ വക്താവായിരുന്ന
ആർ. റാംമാധവിനെയാണ് കഴിഞ്ഞ ഡിസംബറിൽ
കോവളത്തുപോയി കണ്ടത്.
രാഷ്ട്രീയ-ഭരണ രംഗത്തെ ഉന്നതനും മറ്റൊരു പ്രമുഖനുമാണ് ഒപ്പമുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിൽ ഒരു മന്ത്രിസഭാംഗം ഉൾപ്പെട്ടുണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപണങ്ങൾക്ക് മൂർച്ചകൂട്ടി.
ആർ.എസ്.എസ് ചിന്തിർശിബിരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു റാംമാധവ്. ഒരുമണിക്കൂർ കൂടിക്കാഴ്ച നീണ്ടു.
തൃശൂരിൽ 2023മേയ് 23ന് ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയുമായുള്ള കൂടിക്കാഴ്ച സ്വകാര്യ
സന്ദർശനമായിരുന്നു എന്നാണ് എ.ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചത്. സഹപാഠിയായ ആർ.എസ്.എസ് നേതാവ് കൈമനംജയകുമാറിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം എന്നാണ് വിശദീകരണം. പുറത്ത് അറിയാതിരിക്കാൻ ഔദ്യോഗിക കാർ ഉപേക്ഷിച്ച് ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് പോയത്. രാഷ്ട്രീയ ചർച്ചകളിൽ പങ്കാളികളാവരുതെന്നാണ് സിവിൽ സർവീസ് ചട്ടം.
പൂരം അട്ടിമറിയോടും തൃശൂരിലെ ബി.ജെ.പി വിജയത്തോടും ചേർത്തുവച്ചാണ് വിഷയം കത്തുന്നത്.
തിരുവനന്തപുരത്തെ ആർ.എസ്.എസ് നേതാവിനൊപ്പമാണ് അജിത്തും സംഘവും കോവളത്ത് റാംമാധവിനെ കണ്ടത്. കൂടിക്കാഴ്ചകൾക്ക് രാഷ്ട്രീയ ലക്ഷ്യവും വ്യക്തിപരമായ നേട്ടവും മാത്രമല്ല ഇടനില സ്വഭാവവും ഉണ്ട്. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
`എൽ.ഡി.എഫിന്റെ ചെലവിൽ ഒരുദ്യോഗസ്ഥനും ആർ.എസ്.എസ് നേതാവിനെ സന്ദർശിക്കേണ്ടതില്ല.'
-ബിനോയ് വിശ്വം
സി.പി.ഐ സംസ്ഥാന സെക്രട്ടറി
വേണ്ടത് മെഡലും
ഡി.ജി.പി തൊപ്പിയും
1. ജൂലായിൽ ഒഴിവുവരുന്ന പൊലീസ്‌മേധാവി സ്ഥാനത്തിനായുള്ള സമ്മർദ്ദവും കൂടിക്കാഴ്ചകളിൽ എ.ഡി.ജി.പി നടത്തിയെന്നാണ് സൂചന. ആറുവട്ടം ശുപാർശചെയ്തിട്ടും രാഷ്ട്രപതിയുടെ മെഡൽ കിട്ടിയിരുന്നില്ല. ഡി.ജി.പി തിരഞ്ഞെടുപ്പിൽ ഇതൊരു യോഗ്യതയായതിനാൽ മെഡലിനായും ശ്രമമുണ്ടായി.
2. പൊലീസ്‌മേധാവിയാക്കാനുള്ള മൂന്നുപേരുടെ ചുരുക്കപ്പട്ടിക കേന്ദ്രമാണ് തരുന്നത് . ഇതിൽനിന്ന് സംസ്ഥാനത്തിന് നിയമിക്കാം. സീനിയോരിറ്റിയിൽ ആറാമനായ എ.ഡി.ജി.പിക്ക് ആദ്യമൂന്നിലെത്താൻ കേന്ദ്രസഹായം കൂടിയേതീരൂ. സീനിയോരിറ്റിയുണ്ടായിട്ടും ടോമിൻ തച്ചങ്കരി ആദ്യമൂന്നിലെത്തിയിരുന്നില്ല.
ദത്താത്രേയ ഹൊസബളെ
ആർ.എസ്.എസിന്റെ സർകാര്യവാഹ്. 2021മാർച്ചിലാണ് സർസംഘചാലകിന്റെ തൊട്ടുതാഴെയുള്ള ഈ പദവിയിലെത്തിയത്. കർണാടക ഷിമോഗ സ്വദേശി. രാഷ്ട്രീയകൊലപാതകങ്ങൾക്കുള്ള പ്രതിഷേധമായി മുഖ്യമന്ത്രി പിണറായിവിജയനെ കേരളത്തിന് പുറത്ത് തടയാനുള്ള ആർ.എസ്.എസ് തീരുമാനം 2017ൽ അവസാനിപ്പിച്ചത് അദ്ദേഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായടക്കം ഉറ്റബന്ധം.
റാംമാധവ്
കാശ്‌മീരിൽ പി.ഡി.പിയുമായടക്കം സഖ്യമുണ്ടാക്കി രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ച നേതാവ്. ജമ്മുകാശ്മീർ തിരഞ്ഞെടുപ്പിന്റെ സുപ്രധാനചുമതലയിൽ. ആറുവർഷം സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി. മോദിയുടെ അടുപ്പക്കാരൻ. കിഫ്ബിയെ തകർക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിൽ റാംമാധവാണെന്ന് ധനമന്ത്രിയായിരുന്ന തോമസ്ഐസക് ആരോപിച്ചിരുന്നു.