ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ ദൂതൻ: വി.ഡി. സതീശൻ
കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാവിനെ കാണാൻ പോയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിരവധി രഹസ്യങ്ങൾ അറിയുന്നതിനാലാണ് അജിത് കുമാറിനെയും പി. ശശിയെയും മാറ്റാത്തത്. മന്ത്രിസഭയിലെ ഉന്നതൻ ഉൾപ്പെട്ടതാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം. പ്രത്യേക പരിഗണന കേന്ദ്രസർക്കാർ പിണറായിക്ക് നൽകുന്നുണ്ടെന്നും വി.ഡി. സതീശൻ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൊലീസിനെ ഉപയോഗിച്ച് സി.പി.എം തൃശൂർ പൂരം കലക്കിയെന്ന് സതീശൻ ആവർത്തിച്ചു. പൂരം കലക്കിയതിന്റെ ഇരയാണ് താനെന്ന് വി.എസ്. സുനിൽകുമാർ പറഞ്ഞത് ശരിയാണ്. ഇ.ഡി അന്വേഷണം ഒതുക്കാനായി സുരേഷ് ഗോപിയുമായി താൻ ഒത്തുതീർപ്പുണ്ടാക്കിയെന്ന പി.വി. അൻവറിന്റെ ആരോപണം സതീശൻ നിഷേധിച്ചു. അൻവർ സഭയിൽ പറഞ്ഞ 150 കോടി അഴിമതി കൂടി ഇ.ഡി അന്വേഷിക്കട്ടെയെന്നും ഏത് അന്വേഷണത്തെ നേരിടാനും ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.