12-ാം സെക്കൻഡിൽ വീഴ്ത്തിയ ഫ്രാൻസിനെ വീഴ്‌ത്തി ഇറ്റലി

Sunday 08 September 2024 3:51 AM IST

പാരീസ്: നേഷൻസ് ലീഗിൽ 12-ാം സെക്കന്റിൽ ലീഡെടുത്ത് ഞെട്ടിച്ച ഫ്രാൻസിനെതിരെ പതാറാതെ പൊരുതി 3-1ന്റെ ഗംഭീര ജയം നേടി ഇറ്റലി. മത്സരം തുടങ്ങി 12-ാം സെക്കൻഡിൽ ബ്രാഡ്‌ലി ബാർക്കോള ഫ്രാൻസിനെ മുന്നിലെത്തിച്ചു.എന്നാൽ പതറാതെ പൊരുതിയ ഇറ്റലി അവസരം കാത്തിരുന്ന് തിരിച്ചടിക്കുകയായിരുന്നു. 30-മിനിട്ടിൽ ഫ്രെഡറിക്കോ ഡിമാക്രോയിലൂടെ സമനില പിടിച്ച ഇറ്റലി 51-ാം മിനിട്ടിൽ ഡേവിഡെ ഫ്രാറ്റെസിയും 74-ാം മിനിട്ടിൽ റാസ്പഡോറിയും നേടിയ ഗോളുകളിലൂടെ വിജയമുറപ്പിക്കുകയായിരുന്നു. അതേസമയം ആഴ്‌സനൽ താരവും ഇറ്റാലിയൻ പ്രതിരോധത്തിലെ കരുത്തനുമായ റിക്കാർഡോ കാലഫിയോറിയ്ക്ക് മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങേണ്ടി വന്നു. മറ്റു മത്സരങ്ങളിൽ ബെൽജിയം ഇസ്രയേലിനെയും (3–1), സൈപ്രസ് ലിത്വാനിയയെയും (1–0), റുമാനിയ കൊസോവോയെയും (3–0), തോൽപ്പിച്ചു. സ്ലൊവേനിയ– ഓസ്ട്രിയ മത്സരവും (1–1), വെയിൽസ് – തുർക്കി മത്സരവും (0–0) സമനിലയിൽ അവസാനിച്ചു.