ഗുരുവായൂർ അമ്പല നടയിൽ ഇന്ന് റെക്കാർഡ് വിവാഹങ്ങൾ: 354 എണ്ണം, വൻ തിരക്ക്

Sunday 08 September 2024 10:17 AM IST

ഗുരുവായൂർ: ഇന്ന് ഗുരുവായൂർ ക്ഷേത്ര നടയിൽ നടക്കുന്നത് 354 വിവാഹം. വിവാഹങ്ങളുടെ എണ്ണം 363 വരെ എത്തിയെങ്കിലും തങ്ങൾക്ക് എത്താൻ കഴിയില്ലെന്ന് ഒൻപതു സംഘങ്ങൾ ദേവസ്വത്തെ അറിയിച്ചു. അങ്ങനെയാണ് എണ്ണം 354 ആയത്. ഗുരുവായൂരിൽ ആദ്യമായാണ് ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത്. വിവാഹങ്ങളുടെ എണ്ണം കൂടിയതോടെ നിലവിലുള്ള നാലുകല്യാണ മണ്ഡപങ്ങൾക്കു പുറമേ ക്ഷേത്രത്തിനുമുന്നിൽ തെക്കും വടക്കുമായി രണ്ട് താൽക്കാലിക മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. വൻ തിരക്കാണ് ക്ഷേത്രനടയിൽ അനുഭവപ്പെടുന്നത്.

പുലർച്ചെ നാലുമണിയോടെയാണ് വിവാഹങ്ങൾ ആരംഭിച്ചത്. താലികെട്ടിന് ആറ് ക്ഷേത്രം കോയ്മമാരും മണ്ഡപത്തിന് സമീപം രണ്ട് വാദ്യസംഘവുമാണുള്ളത്. തെക്കേ നടയിലെ പട്ടർകുളത്തിനോട് ചേർന്നുള്ള താത്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങിയശേഷം മുൻഗണന അനുസരിച്ചാണ് വിവാഹസംഘങ്ങളെ മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. ഫോട്ടോഗ്രാഫറുൾപ്പെടെ 24 പേർക്കേ പ്രവേശനമുള്ളൂ. വിവാഹശേഷം തെക്കേനട വഴിയാണ് മടങ്ങാൻ അനുവാദമുള്ളത്.

വിവാഹം കഴിഞ്ഞാൽ കിഴക്കേ നടപ്പന്തലിൽ ഫോട്ടോയെടുക്കാൻ അനുവാദമില്ല. ദീപസ്തംഭത്തിന് സമീപത്ത് നിന്നുള്ള ദർശനത്തിനും നിയന്ത്രണമുണ്ട്. . കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിംഗ് സമുച്ചയത്തിന് പുറമെ, മമ്മിയൂർ ജംഗ്ഷന് സമീപത്തെ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനവും പാർക്കിംഗിന് സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. വിവാഹസംഘങ്ങൾ നേരത്തേതന്നെ ഹോട്ടലുകളും ലോഡ്ജുകളും ബുക്കുചെയ്തിരുന്നതിനാൽ മുറികൾ കിട്ടാതെ പലരും ബുദ്ധിമുട്ടി.

Advertisement
Advertisement