'നടന്മാർക്കെതിരെയുള്ള ലെെംഗികാതിക്രമക്കേസുകളിൽ ഞെട്ടിയില്ല,​ ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്'; രഞ്ജിനി

Sunday 08 September 2024 1:01 PM IST

കൊച്ചി: പ്രധാന നടന്മാർക്കെതിരെയുള്ള ലെെംഗികാതിക്രമക്കേസുകളിൽ ഞെട്ടിയില്ലെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. നാളെ ഇത് സംഭാവിക്കാതെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. ഈ കഥകൾ ഇതിന് മുൻപ് തന്നെ കേട്ടിട്ടുണ്ട്. ഈ മേഖലയിൽ ഇങ്ങനെ സംഭവിക്കുന്നില്ലെന്നും പറയുന്നത് ശരിയല്ല. എല്ലാവരും ഇത്തരം ഗോസിപ്പുകൾ കേട്ടിട്ടുണ്ട്. അത് സത്യമാകുകയാണെന്നും രഞ്ജിനി തുറന്നടിച്ചു.

'ഇന്ന് ഈ പെൺകുട്ടികൾ ധെെര്യത്തോടെ വന്ന് കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 10, 20 വ‌ർഷം മുൻപ് ഇത് തുറന്നുപറഞ്ഞ പെൺകുട്ടികളെ അഹങ്കാരികളും ധിക്കാരികളും പിഴച്ചവളും വേശ്യകളും എന്ന് വിളിച്ച ആ സമൂഹത്തിൽ തന്നെയാണ് ഇന്ന് ഈ മാറ്റം വരുന്നത്. നിരവധി പേർ തങ്ങൾക്ക് സംഭവിച്ച കാര്യം തുറന്നുപറയാൻ തയ്യാറായി അതിൽ എനിക്ക് സന്തോഷമുണ്ട്. ഡബ്യൂസിസിയെ ആദ്യം വിമർശിച്ചവർ ഇന്ന് അതിനൊപ്പം നിൽക്കുകയാണ്. ഇപ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടിട്ട് ഞാൻ ഞെട്ടിയില്ല.

ഇതൊക്കെ ഇന്നും ഇന്നലെയും സംഭവിച്ചിരുന്നു. നാളെ സംഭാവിക്കാതെ ഇരിക്കണമെന്നാണ് ആഗ്രഹം. ഈ കഥകൾ ഞാൻ മാത്രമല്ല സിനിമ മേഖലയിൽ അടുത്ത് പ്രവർത്തിക്കുന്നവരും അവരുടെ ഡ്രെെവർമാരും ജോലിക്കാരുമെല്ലാം കേട്ടിട്ടുണ്ടാകും. ഇവരെക്കുറിച്ച് മാത്രമല്ല എല്ലാവരെയും കുറിച്ച് കേട്ടിട്ടുണ്ട്. അതിൽ പലതും സത്യം ആവണമെന്നില്ല.

ഒരു പെണ്ണ് എവിടെയുണ്ടോ,​ ആ പെണ്ണിനെക്കുറിച്ച് അവിടെയുള്ളവർ കാര്യങ്ങൾ പറഞ്ഞിട്ട് ഉണ്ടാകും. സിനിമയിൽ ലെെംഗികാതിക്രമം നടക്കുന്നില്ലെന്ന് പറയുന്നവർ നുണപറയുകയാണ്. സിനിമമേഖലയിൽ അധികം അടുത്ത് നിൽക്കാത്ത ഞാൻ തന്നെ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് വരെ ചില മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്',​- താരം വ്യക്തമാക്കി.