'കൂടെ നിൽക്കാൻ ഒരുക്കമാണ്, ഞാൻ ഒറ്റക്ക് എടുത്താൽ പൊങ്ങില്ല'; കേരള ഹോക്കി അസോസിയേഷനെ വിമർശിച്ച് ശ്രീജേഷ്
കൊച്ചി: കേരള ഹോക്കി അസോസിയേഷനെ വിമർശിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയതിൽ ശ്രീജേഷിന്റെ പ്രകടനം നിർണായകമായിരുന്നു. മിന്നുന്ന പ്രകടനം കാഴ്ചവച്ച ശ്രീജേഷ് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
നാട്ടിൽ തിരിച്ചെത്തിയ ശ്രീജേഷിന് സർക്കാർ സ്വീകരണം നൽകാൻ തീരുമാനിക്കുകയും പിന്നീട് അത് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇത് വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവച്ചു. ഇതിന് പിന്നാലെയാണ് ഹോക്കി അസോസിയേഷനെ വിമർശിച്ച് ശ്രീജേഷ് രംഗത്തെത്തിയത്. തന്റെ പേരിലുള്ള സ്റ്റേഡിയം വർഷങ്ങളായി മുടങ്ങി കിടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളത്തിൽ അസ്‌ട്രോ ടര്‍ഫ് തുടങ്ങുന്നത് അസാദ്ധ്യമായ കാര്യമാണ്. അസോസിയേഷനിൽ ഉള്ളവർ ഹോക്കിക്കായി പരിശ്രമിക്കണം. ഞാൻ ഒറ്റക്ക് എടുത്താൽ പൊങ്ങില്ല. ശ്രീജേഷ് വരാത്തതുകൊണ്ടല്ല ഇത്രയും നാളും ഒരു അസ്ട്രാേ ടർഫ് വരാത്തത്. അതിന് വേണ്ടി ആരും പരിശ്രമിച്ചില്ല. എപ്പോഴും കൂടെ നിൽക്കാൻ ഞാൻ ഒരുക്കമാണ്. പക്ഷേ ശ്രീജേഷിന്റെ മാത്രം ചുമതല ആണെന്ന് പറയരുത്',- അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സ്വീകരണ ചടങ്ങ് മുടങ്ങിയത് വിവാദമാക്കേണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഉടൻ ചടങ്ങ് നടത്തുമെന്ന് മന്ത്രി നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീജേഷിന് രണ്ട് കോടി രൂപയാണ് സർക്കാർ പാരിതോഷികമായി നൽകുന്നത്. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സ്വീകരണ ചടങ്ങ് വലിയ രീതിയിൽ നടത്താനാണ് സർക്കാരിന്റെ നീക്കം.