'അടുത്ത  തലമുറയ്‌ക്കായി  വഴിമാറേണ്ട  സമയം'; രാജ്യാന്തര  ക്രിക്കറ്റിൽ  നിന്ന് മൊയീൻ അലി വിരമിച്ചു

Sunday 08 September 2024 3:08 PM IST

ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയീൻ അലി (37) രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് മൊയീൻ അലി വിരമിക്കൽ പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് തോൽവി വഴങ്ങിയ 2024ലെ ട്വന്റി 20 ലോകകപ്പിലെ സെമി ഫെെനലാണ് അലിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരം. ഫ്രാഞ്ചെെസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

'എനിക്ക് 37 വയസായി. ഈ മാസം തുടങ്ങുന്ന ഓസീസിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ടീമിൽ എന്നെ ഉൾപ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിനായി ഞാൻ നിരവധി മത്സരങ്ങൾ കളിച്ചു. ഇനി അടുത്ത തലമുറയ്‌ക്കായി വഴിമാറേണ്ട സമയമാണെന്ന് ചില സൂചനകൾ ലഭിച്ചു കഴിഞ്ഞു. ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു. എന്റെ ജോലി പൂർത്തിയായി. വളരെ അഭിമാനത്തോടെയാണ് ഞാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിടപറയുന്നത്. ആദ്യമായി ഇംഗ്ലണ്ട് ജഴ്സിയിൽ ഇറങ്ങുമ്പോൾ കരിയറിൽ എത്ര മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കുമെന്ന് അറിയില്ലായിരുന്നു. എനിക്ക് മുന്നൂറോളം മത്സരങ്ങൾ കളിക്കാനായി', - ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൊയീൻ അലി പറഞ്ഞു.

2014ലാണ് മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യാന്തര കരിയറിൽ 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി 20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 28.12 ശരാശരിയിൽ 3094 റൺസ് നേടി. ഇതിൽ അഞ്ച് സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 155 റൺസാണ് ഉയർന്ന സ്‌കോർ.