'സുരക്ഷ ചിന്തയിലും പ്രവൃത്തിയിലും വരണം'; സ്വയം  അപകടങ്ങൾ  വിളിച്ചുവരുത്തുന്നവർക്ക് താക്കീതുമായി എംവിഡി

Sunday 08 September 2024 3:37 PM IST

തിരുവനന്തപുരം: അശ്രദ്ധമായി വണ്ടിയൊടിച്ച് സ്വയം അപകടങ്ങൾ വിളിച്ചുവരുത്തരുതെന്ന് മോട്ടോർ വാഹനവകുപ്പ്. സുരക്ഷ ചിന്തയിലും പ്രവൃത്തിയിലും ഒരു പോലെ വരണമെന്നും എങ്കിലെ നമ്മുടെ റോഡുകളിൽ നാം സുരക്ഷിതരാവുകയുള്ളുവെന്നും എംവിഡി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഒരാൾ ഫോണിൽ സംസാരിച്ച് അശ്രദ്ധമായി സ്കൂട്ടർ ഓടിക്കുന്നതും എതിരെ വരുന്ന സ്കൂട്ടർ ഇടിക്കുന്നതും വീഡിയോയിൽ കാണാം.

പോസ്റ്റിന്റെ പൂർണപൂരം

ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ KKജോസഫ്.....

യെടെയെടെ നീ പോയില്ലേടേയ്....

ഹെന്റമ്മച്ചീ.....

അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ ഗുലുമാൽ ഗുലുമാൽ...

താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻതാൻ അനുഭവിച്ചീടുകെന്നേവരൂ

സുരക്ഷ ചിന്തയിലും പ്രവൃത്തിയിലും ഒരു പോലെ വരണം എങ്കിലെ നമ്മുടെ റോഡുകളിൽ നാം സുരക്ഷിതരാവുകയുള്ളു.

കഴിഞ്ഞ ദിവസം അപകടകരമായ ഓവർ‌ടേക്കിംഗിന് എതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയിരുന്നു. ചട്ടങ്ങൾ പാലിച്ച് ഓവർടേക്കിംഗ് നടത്തിയില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി. എത്ര അത്യാവശ്യമെങ്കിലും സുരക്ഷിതമായി, ലെയിൻ ട്രാഫിക് (LANE TRAFFIC) ചട്ടങ്ങൾ പാലിച്ചു മാത്രം ഓടിച്ചു ശീലിക്കുകയെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വാഹന ബാഹുല്യം കൂടിയ സംസ്ഥാനമാണ് നമ്മുടേത്. സ്ഥലപരിമിതിമൂലം സർവ്വീസ് റോഡുകളോ സമാന്തരപാതകളോ മിക്ക സ്ഥലത്തും കുറവായ ദേശീയപാത കൂടിയാണ്. ആയതിനാൽ പ്രാദേശികാവശ്യത്തിനും മറ്റുമായി എല്ലാത്തരം വാഹനങ്ങളും ഈ ബഹുനിര പാതകളെത്തന്നെ ആശ്രയിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. ഇത്തരം പാതകളിൽ ലെയിൻ ട്രാഫിക് ചട്ടങ്ങളും മര്യാദകളും കൃത്യമായി പാലിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളു.

സ്പേസ് കുഷൻ അഥവാ സുരക്ഷിത അകലം മുന്നിലേയ്ക്ക് മാത്രമല്ല വശങ്ങളിലേയ്ക്കും ശീലിച്ച് ഓടിച്ചാൽ മാത്രമേ അതിവേഗയാത്രകൾ സുരക്ഷിതവും സുഗമവും ആവുകയുള്ളുവെന്നും എംവിഡി ഓർമ്മിപ്പിച്ചു