ഇറക്കുമതിയിൽ വഴുതി റബർ

Monday 09 September 2024 12:43 AM IST

കോട്ടയം: ഇറക്കുമതി ഒരു ലക്ഷം ടണ്ണിലധികമായതോടെ ആഭ്യന്തര വിപണിയിൽ റബർ വില താഴേക്ക് നീങ്ങി. ടയർ കമ്പനികൾ വാങ്ങൽ താത്പര്യം കുറച്ചതാണ് വിനയായത്. കിലോയ്‌ക്ക് 247 രൂപ വരെ എത്തിയ ആർ.എസ്.എസ് 4ന്റെ റബർ ബോർഡ് വില കിലോയ്‌ക്ക് 230 രൂപയിലേക്ക് മൂക്കുകുത്തി. വ്യാപാരി വില 225 രൂപയാണ്. ആഭ്യന്തര, അന്താരാഷ്ട്ര വില തമ്മിൽ 25 രൂപ വ്യത്യാസം ഉണ്ടായിരുന്നത് നിലവിൽ മൂന്ന് രൂപയിലേക്ക് താഴ്ന്നു.

മഴ മാറാത്തതിനാൽ ടാപ്പിംഗ് സജീവമല്ല. ഉത്പാദനം കുറഞ്ഞതോടെ വില ഉയരുന്നതിനിടെയാണ് ഇറക്കുമതി തിരിച്ചടിയായത്. ഡിമാൻഡ് കൂടുതലും ഉത്പാദനം കുറവുമായതിനാൽ വില ഇത്രയും ഇടിയുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പറയുന്നു.

കുരുമുളകിന് പ്രിയമേറുന്നു

ഉത്സവ സീസണിൽ എരിവ് കൂടുതലുള്ള ഹൈറേഞ്ച് കുരുമുളകിന് ഉത്തരേന്ത്യയിൽ ഡിമാൻഡ് കൂടിയതോടെ വില ക്വിന്റലിന് 600 രൂപ വില ഉയർന്നു. അഡ്‌വാൻസ് ലൈസൻസിൽ ശ്രീലങ്കൻ കുരുമുളക് വിപണിയിലെത്തിയെങ്കിലും ഡിമാൻഡിന് കുറവുണ്ടായില്ല. ബ്രസീലിൽ പ്രതികൂല കാലാവസ്ഥ മൂലം വിയറ്റ്നാമിൽ ഉത്പാദനം കുറഞ്ഞതിനാൽ ആഭ്യന്തര വില ഇനിയും കൂടിയേക്കും. ബ്രസീൽ, ഇന്തോനേഷ്യ, കംബോഡിയ കുരുമുളകാണ് വിയറ്റ്നാമിൽ വില്‌പ്പനക്ക് എത്തുന്നത്. വിയറ്റ്നാമിൽ ഫെബ്രുവരിയിലാണ് സീസൺ ആരംഭിക്കുന്നത്. ക്രിസ്മസ്, ന്യൂഇയർ കാലത്ത് ഡിമാൻഡ് കൂടുന്നതും ഉത്പാദനത്തിലെ തളർച്ചയും വില ഇനിയും ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ .

Advertisement
Advertisement