ജനകീയ മത്സ്യകൃഷിക്ക് അനുമതി കൊടുക്കുന്നില്ല, 40,​000 കർഷകർ പ്രതിസന്ധിയിൽ

Monday 09 September 2024 12:30 AM IST

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷിക്ക് ഈ സീസണിൽ അനുമതി നൽകാത്തത് കർഷകരെ വെട്ടിലാക്കി.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. ചീഫ് സെക്രട്ടറി തലവനായ കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകേണ്ടത്.

ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ് മുഖേന കർഷകരിൽ നിന്ന് അപേക്ഷ വാങ്ങിയിരുന്നു. ജൂലായിൽ ആരംഭിക്കേണ്ട പദ്ധതിയാണ്.

കുളങ്ങളും, ജലാശയങ്ങളും, കേജുകളും തയ്യാറാക്കി കാത്തിരിക്കുകയാണ് കർഷകർ.

സമയം വൈകുന്തോറും അനുകൂല കാലാവസ്ഥ മാറും.ഇത് കാരണം ഉത്പാദനം കുറയും.

അന്യസംസ്ഥാനത്ത് നിന്ന് വരുന്ന മീനുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാണ്.അതേസമയം,സാമ്പത്തികചെലവ് കൂടിവരുകയാണ്.

ചാക്കിന് 1500 രൂപയായിരുന്ന മീൻതീറ്റ വില 1700 രൂപയായി വർദ്ധിച്ചു. 1000 മീനിന് ഒരുമാസത്തേയ്ക്ക് 5 ചാക്ക് തീറ്റയെങ്കിലും വേണം.

മത്സ്യകുഞ്ഞുങ്ങൾ റെഡി

1.മത്സ്യ കുഞ്ഞുങ്ങളെ നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന കർഷകരുമുണ്ട്. കർഷകരുടെ ഹാച്ചറികളിൽ വിത്തുകൾ തയ്യാറാണ്.
വിത്തുകൾ തൽക്കാലം പണം ലഭിക്കാതെ നൽകാൻ അവർ തയ്യാറാണ്. പക്ഷേ വകുപ്പിന്റെ അനുമതിയില്ലാത്തത് മൂലം അതും നടക്കുന്നില്ല.

2. വനാമി, ചെമ്മീൻ, വാള, കാരി, രോഹു, കട്ല, ഹൈബ്രീഡ് ഗിഫ്റ്റ് തിലാപിയ തുടങ്ങിയ ഇനങ്ങളാണ് വളർത്തുന്നത്. ആറുമാസം മുതൽ ഒരു വർഷം വരെയാണ് മീനുകൾ പൂർണ വളർച്ചയെത്താൻ വേണ്ടത്.

40,​000 പേർ:

മത്സ്യകൃഷിക്ക്

അപേക്ഷിച്ചവർ

80.15 കോടി :

പദ്ധതി തുക

40%:

സർക്കാർ

സബ്സിഡി

60%:

കർഷകർ

മുടക്കണം