സൗജന്യ ഓണക്കിറ്റ് ഇന്നു മുതൽ

Monday 09 September 2024 12:38 AM IST

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ ആറു ലക്ഷത്തോളം എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വയനാട് ദുരന്ത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും ഇന്നു മുതൽ സൗജന്യ ഓണക്കിറ്റ് ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളായ എൻ.പി.ഐ കാർഡുടമകൾക്ക് നാളെ മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്ന 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം.

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8ന് പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുഅണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്‌പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.