യാഷ് ദയാല്‍ ഇന്ത്യന്‍ ടീമില്‍, ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു

Sunday 08 September 2024 10:16 PM IST
ഫയല്‍ ഫോട്ടോ

മുംബയ്: ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 19ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. കാന്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. പാകിസ്ഥാനെ അവരുടെ നാട്ടില്‍ 2-0ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ബംഗ്ലാ കടുവകള്‍ ഇന്ത്യയിലേക്ക് എത്തുന്നത്.

ഇന്ത്യന്‍ പര്യടനത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പാകിസ്ഥാനെതിരായ പരമ്പര വിജയത്തിന് ശേഷം നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ പ്രതികരിച്ചിരുന്നു. സീനിയര്‍ താരങ്ങളായ മുഷ്ഫിഖ്വര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ പങ്ക് വളരെ നിര്‍ണായകമാകുമെന്നും നായകന്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുംറ, വിരാട് കൊഹ്ലി എന്നിവര്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയുള്ള പരമ്പരയ്ക്ക മുന്നോടിയായി ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചന. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച യാഷ് ദയാല്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ പരിക്കില്‍ നിന്ന് മോചിതനായി വിശ്രമിക്കുന്ന മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തിയില്ല. പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ആദ്യ ടെസ്റ്റിനുള്ള ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്‌വാള്‍, വിരാട് കൊഹ്ലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജൂരല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍

Advertisement
Advertisement