ഇന്ത്യയിൽ ആദ്യ മങ്കിപോക്‌സ് : യുവാവ് നിരീക്ഷണത്തിൽ

Monday 09 September 2024 1:19 AM IST

ന്യൂഡൽഹി : രാജ്യത്ത് ആദ്യമായി എംപോക്‌സ് ( മങ്കിപോക്സ് - കുരങ്ങുവസൂരി )​ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയ യുവാവിനെ നിരീക്ഷണത്തിലാക്കിയെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. സാംപിൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്ക് അയച്ചു.

എംപോക്‌സ് വ്യാപനം റിപ്പോർട്ട് ചെയ്‌ത വിദേശരാജ്യത്തു നിന്ന് തിരിച്ചെത്തിയതാണ് യുവാവ്.

യുവാവിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രോഗഭീഷണിയും വ്യാപനവും തടയാൻ രാജ്യം സജ്ജമാണെന്നും ഭയപ്പെടേണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ലോകാരോഗ്യ സംഘടന പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇന്ത്യയിലെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുടെ നേതൃത്വത്തിൽ വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ രാജ്യാന്തര വിമാനത്താവളങ്ങളിൽ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചു. 116ൽപ്പരം രാജ്യങ്ങളിൽ എംപോക്‌സ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

എംപോക്സ്

കുരങ്ങ് വസൂരി, വാനര വസൂരി എന്നെല്ലാം അറിയപ്പെടുന്നു

മങ്കിപോക്സ് വൈറസ് രോഗം

കുരങ്ങുകളും അണ്ണാനും വൈറസ് വാഹകർ

പകർച്ച വ്യാധി

മനുഷ്യനിലും മൃഗങ്ങളിലും ബാധിക്കും

സമ്പർക്കം മൂലം പകരും

ലക്ഷണങ്ങൾ

പനി, തലവേദന,പേശീ വേദന, ക്ഷീണം, പഴുപ്പുള്ള വ്രണങ്ങൾ. ലക്ഷണങ്ങൾ 2 4 ആഴ്‌ച വരെ നീളാം

ചികിത്സ ഇല്ല. ലക്ഷണങ്ങൾ കണ്ടാൽ വ്രണങ്ങൾ കരിയുന്നതു വരെ ക്വാറന്റൈനിൽ പോകണം

ലോകാരോഗ്യ സംഘടന രണ്ട് വാക്സിനുകൾ ശുപാർശ ചെയ്‌തിട്ടുണ്ട്

പ്രതിരോധം

രോഗമുള്ള മനുഷ്യരുമായും മൃഗങ്ങളുമായും മലിന വസ്തുക്കളുമായും സമ്പർക്കം ഒഴിവാക്കുക

അപരിചിതരുമായുള്ള ലൈംഗിക ബന്ധം പാടില്ല

മുറിവുകളിലും വ്രണങ്ങളിലും തൊടരുത്

കൈകൾ കൂടക്കൂടെ കഴുകണം

അന്യരുടെ സാധനങ്ങൾ ഉപയോഗിക്കരുത്