ഹോം ഡെലിവറിയുമായി കെ.എസ്.ആർ.ടി.സി ദൂരമനുസരിച്ച് നിരക്ക്
കൊച്ചി: കൊറിയറുകൾ അതിവേഗത്തിലാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ വാതിൽപ്പടി സേവന പദ്ധതി ഈവർഷം തുടങ്ങും. ഓരോ സ്ഥലത്തേക്കുമുള്ള ദൂരമനുസരിച്ചാകും നിരക്ക്. തൂക്കവും നിരക്കിന് ഘടകമാകും. നിരക്ക് അടുത്തഘട്ടത്തിൽ തീരുമാനിക്കും. മറ്റ് കൊറിയർ സ്ഥാപനങ്ങളെക്കാൾ ലാഭകരമായ നിരക്കിലായിരിക്കും സേവനം.
വീടുകളിൽ നിന്നുള്ള കൊറിയർ ഡെലിവറി ജീവനക്കാർ ശേഖരിച്ച് ഡിപ്പോകളിലെത്തിക്കും. തുടർന്ന് ലക്ഷ്യസ്ഥാനത്തേക്കയയ്ക്കും. ഹോം ഡെലിവറിക്കായി കരാർ ജീവനക്കാരെയും പരിഗണിച്ചേക്കും. ഗ്രാമങ്ങളിലടക്കം കെ.എസ്.ആർ.ടി.സി സർവീസുള്ളതിനാൽ ചെലവുകുറഞ്ഞ രീതിയിൽ സാധനങ്ങളെത്തിക്കാം.
നിലവിൽ കെ.എസ്.ആർ.ടി.സിക്ക് കൊറിയർ സർവീസുണ്ടെങ്കിലും ഡിപ്പോകളിലെത്തി വേണം വാങ്ങാൻ. നിലവിൽ ബംഗളൂരുവിൽ നിന്ന് കെ.എസ്.ആർ.ടി.സി കൊറിയർ സർവീസുണ്ടെങ്കിലും കർണാടക ആർ.ടി.സിയുമായുള്ള എതിർപ്പുണ്ട്.
ലക്ഷ്യം അഞ്ചുലക്ഷം
ലോജിസ്റ്റിക്സ് സർവീസിലൂടെ പ്രതിദിനം അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാക്കലാണ് ലക്ഷ്യമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. നിലവിൽ കൊറിയർ സർവീസിലൂടെ പ്രതിദിനം രണ്ടുലക്ഷം രൂപ ലഭിക്കുന്നുണ്ട്. രണ്ടരലക്ഷം രൂപവരെയും ലഭിക്കുന്ന ദിവസവുമുണ്ട്. ഈ മാസം ലോജിസ്റ്റിക്സ് വരമാനം 50 ലക്ഷം രൂപയിലെത്തുമെന്നും അധികൃതർ പറഞ്ഞു.