ഏതെങ്കിലും മതത്തെ ഉന്നംവച്ച് പറഞ്ഞതല്ല: പി.എസ്. ശ്രീധരൻ പിള്ള
കൊച്ചി: ഗോവയിൽ മുസ്ലിങ്ങളുടെ എണ്ണം വർദ്ധിക്കുകയും ക്രിസ്ത്യൻ ജനസംഖ്യയിൽ കുറവുണ്ടാവുകയും ചെയ്തതിൽ അന്വേഷണം നടത്തണമെന്ന പരാമർശത്തിൽ വിശദീകരണവുമായി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഏതെങ്കിലും മതത്തെ ഉന്നംവച്ചല്ല പറഞ്ഞതെന്നും മതങ്ങളുടെ പേരെടുത്ത് പറഞ്ഞത് ആ പശ്ചാത്തലം വ്യക്തമാക്കാനാണെന്നും അദ്ദേഹം പരുമലയിൽ പറഞ്ഞു.
കഴിഞ്ഞദിവസം എറണാകുളം ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ മാർ ജോസഫ് കരിയാറ്റി മെത്രാപ്പൊലീത്തയുടെ ചരമവാർഷിക ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം. ഗോവയിലെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർന്നു. ക്രൈസ്തവ ജനസംഖ്യ 36 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഗോവയിലെ ജനസംഖ്യയിലുണ്ടായ മാറ്റത്തെക്കുറിച്ച് പോസിറ്റീവായി അന്വേഷിക്കണമെന്ന് ഗോവയിലെ കർദ്ദിനാളിനോട് പറഞ്ഞതായാണ് ശ്രീധരൻപിള്ള സൂചിപ്പിച്ചത്. പുതിയ തലമുറയുടെ വിദേശ കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പരാമർശമെന്നും പിന്നീട് പറഞ്ഞു.
കേരള പൊലീസിന്
കേന്ദ്ര പുരസ്കാരം
തിരുവനന്തപുരം: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലുകൾക്ക് കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം. ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പുരസ്കാരം സമ്മാനിക്കും.
ലൈഫിൽ 10സെന്റുവരെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി ഉത്തരവ്
തിരുവനന്തപുരം : ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾ സർക്കാർ സഹായത്തോടെ വാങ്ങുന്ന 10സെന്റ് വരെയുള്ള വസ്തുവിന് മുദ്രപത്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി സർക്കാർ ഉത്തരവായി സർക്കാർ സഹായത്തോടെ വാങ്ങുന്നതിന് പുറമേ ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്ക് വാങ്ങിയോ നൽകുമ്പോഴും ഈ ആനുകൂല്യം ലഭിക്കും. പൊതുതാത്പര്യമുള്ള പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ മുദ്രപത്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു.