കാട്ടാനയിറങ്ങി; സഹായംതേടി വിളിച്ചു, വണ്ടിയിൽ ഡീസലില്ലെന്ന് ഉദ്യോഗസ്ഥൻ

Sunday 08 September 2024 11:11 PM IST

#വനംവകുപ്പ് ഉദ്യോഗസ്ഥരെ

മൂന്നുമണിക്കൂർ തടഞ്ഞുവച്ചു

മറയൂർ: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ അടിയന്തര സഹായം അഭ്യർത്ഥിച്ച്‌ ഫോൺ വിളിച്ചയാളോട് വാഹനത്തിൽ ഇന്ധനമില്ലാത്തതിനാൽ ഉടൻ എത്താനാകില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മറുപടി. ഇന്നലെ പുലർച്ചെ ആറ് മണിയോടെ കാന്തല്ലൂർ കീഴാന്തൂരിൽ റിസോർട്ടിന് സമീപം ഇറങ്ങിയ കാട്ടാനയെ തുരത്താൻ പയസ് നഗർ ഫോറസ്റ്റ് ഓഫീസിലേക്ക് ഫോൺ ചെയ്തപ്പോഴാണ് വാഹനത്തിൽ ഡീസലില്ലെന്നും സർക്കാർ പണം അനുവദിക്കുന്നില്ലെന്നും മറുപടി നൽകിയത്. ഫോൺ വിളിച്ച നാട്ടുകാരനായ റിസോർട്ട് ഉടമ പ്രതീഷും ഉദ്യോഗസ്ഥനും തമ്മിൽ വാക്കുതർക്കമായി. താൻ പട്ടാളക്കാരനായിരുന്നെന്നും ഉടൻ എത്തിയില്ലെങ്കിൽ അവിടെയെത്തി എല്ലാവരെയും കത്തിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥനോട് കയർക്കുന്ന പ്രതീഷിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഒരു മണിക്കൂർ കഴിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ സി.പി.എം മറയൂർ ഏരിയാ സെക്രട്ടറി എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ നാട്ടുകാർ മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ച ശേഷമാണ് വിട്ടയച്ചത്. ശനിയാഴ്ച രാത്രി ഒമ്പതിന് പ്രദേശത്തെത്തിയ കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് തുരത്തിയിരുന്നു. രാത്രി 12 മണിക്ക് ആന വീണ്ടുമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ പാൽ വാങ്ങാൻ പുറത്തിറങ്ങിയ റിസോർട്ട് ജീവനക്കാരൻ ആലപ്പുഴ സ്വദേശി രമേശൻ ആനയുടെ മുന്നിൽപ്പെട്ടു. രമേശൻ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് കുഴഞ്ഞു വീണു. തുടർന്നാണ് പ്രതീഷ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചത്.

Advertisement
Advertisement