'വ' ഫെസ്റ്റിനൊരുങ്ങി വടകര
വടകര: വായന. വാക്ക്. വര. എന്നിങ്ങനെ വേറിട്ട സാംസ്‌കാരിക പരിപാടിയുമായി സഫ്ദർ ഹാഷ്മി നാട്യസംഘം. തെരുവുനാടകങ്ങളും നാടൻ പാട്ടരങ്ങുകളും രാജ്യാന്തര ചലച്ചിത്രമേളകളുമായി നിറഞ്ഞുനിന്ന നാട്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ 17 മുതൽ 22 വരെ വടകര മുനിസിപ്പൽ പാർക്കിൽ രാജ്യാന്തര പുസ്തകോത്സവം നടക്കും. ആറു ദിവസങ്ങളിൽ സാംസ്‌കാരിക പരിപാടികളും നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
17ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആട്ടം സിനിമയുടെ അണിയറ പ്രവർത്തകരേയും അഭിനേതാക്കളേയും ഷാഫി പറമ്പിൽ എം.പിയും കെ.കെ.രമ എം.എൽ.എയും വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദുവും ചേർന്ന് ആദരിക്കും. തുടർന്ന് ആട്ടം സിനിമ പ്രദർശിപ്പിക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന കവിതാക്യാമ്പ്, കഥാക്യാമ്പ്, തിരക്കഥാക്യാമ്പ് എന്നിവയിൽ ബെന്യാമിൻ, ഉണ്ണി.ആർ, സുഭാഷ് ചന്ദ്രൻ, ആർ.രാജശ്രീ, വിനോയ് തോമസ്, ബിപിൻ ചന്ദ്രൻ, പി.വി.ഷാജി കുമാർ, വീരാൻകുട്ടി, ഷീജ വക്കം തുടങ്ങിയ എഴുത്തുകാർ പങ്കെടുക്കും. കടത്തനാടൻ ചിത്രകലാ കൂട്ടായ്മ കചികയുമായി സഹകരിച്ച് ചിത്രകലാ ക്യാമ്പും ചിത്രപ്രദർശനവും നടക്കും. നിലമ്പൂർ ആയിഷ, മുതിർന്ന ചലച്ചിത്ര ഛായാഗ്രഹകൻ വേണു, കല്‍പ്പറ്റ നാരായണൻ, ഇ.വി.വത്സൻ തുടങ്ങിയ എഴുത്തുകാരെയും കലാപ്രവർത്തകരെയും ആദരിക്കും. പരിപാടിയുടെ കർട്ടൻ റൈസിംഗ് ഇന്ന് വൈകിട്ട് 6ന് പ്രമുഖ അഭിനേത്രിയും കാൻ ഫെസ്റ്റിവൽ അവാർഡ് ജേതാവുമായ ദിവ്യ പ്രഭ നിർവഹിക്കും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.സി.രാജേഷ്, ജനറൻ കൺവീനർ കെ.ബിനുകുമാർ, വി.കെ.സുരേഷ്, ഗീത മോഹൻ, ആർ.ഷിജു, രമേഷ് രഞ്ജനം എന്നിവർ പങ്കെടുത്തു.