14 കിലോ കഞ്ചാവ് പിടിച്ചു; നാലു പേർ അറസ്റ്റിൽ

Monday 09 September 2024 12:26 AM IST

കിഴക്കമ്പലം: പഴങ്ങനാടും പെരുമ്പാവൂരിലും നടത്തിയ പരിശോധനയിൽ 14 കിലോ കഞ്ചാവുമായി നാലു പേരെ പിടികൂടി. കാലടി നെട്ടിനംപിള്ളി മാണിക്യമംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33), ഒഡിഷ കണ്ടമാൽ സ്വദേശികളായ പവിത്ര പരസേത്ത് (25), ബിജയ് നായിക്ക് (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡിഷയിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനത്തിലായിരുന്നു മലയാളികളായ രണ്ടു പേർ 9 കിലോ കഞ്ചാവ് കടത്തിയത്. ഓടക്കാലി ഭാഗത്തേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. പെരുമ്പാവൂർ ഭാഗത്ത് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. പ്രത്യേകം കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് .

ഒഡിഷ സ്വദേശികളെ അഞ്ചു കിലോ കഞ്ചാവുമായി പഴങ്ങനാട് ഭാഗത്ത് നിന്നാണ് പിടികൂടിയത്. സൗത്ത് കളമശേരിയിലുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതികൾ നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ട്രെയിനിൽ കളമശേരിയിൽ കഞ്ചാവുമായി എത്തിയ ബിജയ് നായിക്ക്, പവിത്ര പരസേത്ത് എന്നിവർ പഴങ്ങനാട് ഭാഗത്ത് വില്പനയ്‌ക്കായി എത്തിയപ്പോഴാണ് പിടിയിലായത്. ഒഡിഷയിൽ നിന്ന് കിലോ 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 30000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.

എ.എസ്.പി മോഹിത് റാവത്ത്, നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, തടിയിട്ടപറമ്പ് പൊലീസ് ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷ് , എസ്.ഐ ജെ. സജി, സ്പെഷ്യൽ സ്ക്വാഡ് എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, കെ.എ. നൗഷാദ്, സീനിയർ സി.പി.ഒമാരായ മനോജ് കുമാർ, ടി.എ. അഫ്‌സൽ, സി.പി.ഒമാരായ സി.പി.
അൻസാർ, അരുൺ കെ. കരുൺ, ബെന്നി ഐസക്ക്, റോബിൻ ജോയി, മുഹമ്മദ് നൗഫൽ, ബനാസിർ സിബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement