'ജി.എസ്.ടി ഏകീകരിക്കണം'

Wednesday 11 September 2024 12:18 AM IST

കൊച്ചി: ഒന്നിലേറെ നികുതി നിരക്കുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭക്ഷണ ഉത്പാദന, വില്പന മേഖലയിൽ ജി.എസ്.ടി ഏകീകരിക്കണമെന്ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ (ഐ.ബി.എഫ്) ദേശീയ പ്രസിഡന്റ് പി.എം. ശങ്കരൻ ആവശ്യപ്പെട്ടു.

നികുതി ഏകീകരണത്തിലൂടെ ചെറുകിട ഭക്ഷണശാലകളിൽ വരെ ബില്ലിംഗ് കാര്യക്ഷമമാകും. അതുവഴി സർക്കാരിലേക്ക് കൂടുതൽ നികുതി വരുമാനം വന്നുചേരും.

ഒരേ ഭക്ഷണസാധനങ്ങൾക്ക് റെസ്റ്റോറന്റുകളിൽ അഞ്ച് ശതമാനവും ബേക്കറികളിൽ 18 ശതമാനവുമാണ് ജി.എസ്.ടി. ഇവ രണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്ന റെസ്‌റ്റോ ബേക്കറികൾക്ക് ഏകീകൃതമായ നികുതി വ്യവസ്ഥയില്ല. ജനങ്ങൾക്ക് അമിതഭാരം അടിച്ചേൽപ്പിക്കുന്ന അശാസ്ത്രീയ നികുതിനിർണയം പിൻവലിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്ന് ഐ.ബി.എഫ് ആവശ്യപ്പെട്ടു.