മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 23കാരൻ മരിച്ചു

Monday 09 September 2024 6:02 PM IST

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ പഠിക്കുന്ന നിയാസ് രോഗബാധയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.

അതിനിടെ കോഴിക്കോട് മൊമ്മേരിയിൽ അഞ്ചുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ മഞ്ഞപ്പിത്ത ബാധയേറ്റവരുടെ എണ്ണം ഉയർന്നു. 47 പേ‌ർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ പോസിറ്റീവ് ആയിരുന്നു. രോഗബാധിതരായിരുന്ന പത്തുപേർ ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്. മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോ‌ർപ്പറേഷൻ അധികൃതർ അറിയിച്ചു.