16.5 മീറ്റര്‍ ഒക്കെ അനായാസം, സീന്‍ മാറ്റി വിഴിഞ്ഞം; മുന്ദ്രയെ മറികടക്കാന്‍ കേരളത്തിന്റെ സ്വന്തം തുറമുഖം

Monday 09 September 2024 7:07 PM IST
ഫോട്ടോ: facebook.com/VizhinjamSeaportOfficial

തിരുവനന്തപുരം: കമ്മീഷന്‍ ചെയ്ത് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ കൊളംബോ, സിംഗപ്പൂര്‍ പോലുള്ള വന്‍കിട തുറമുഖങ്ങളെ മറികടക്കാന്‍ വിഴിഞ്ഞത്തിന് അധികനാള്‍ വേണ്ടി വരില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് വെറുതേ പറയുന്നതല്ലെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അരങ്ങേറുന്നത്. ട്രയല്‍ റണ്‍ പുരോഗമിക്കുന്ന വിഴിഞ്ഞത്ത് എംഎസ്‌സി കമ്പനിയുടെ കെയ്‌ലേ എന്ന ഭീമന്‍ കപ്പല്‍ വളരെ അനായാസമാണ് തുറമുഖത്തേക്ക് അടുത്തത്.

സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 16.5 മീറ്റര്‍ ഉള്ള കെയ്‌ലേ വളരെ അനായാസമാണ് തുറമുഖത്ത് അടുത്തത്. ഇത്രയും വലിയ കപ്പലുകള്‍ അടുക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വിഴിഞ്ഞം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ട എം.എസ്.സി വാഷിംഗ്ടണ്‍ എന്ന 17 മീറ്റര്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പലാണ് ഇന്ത്യയില്‍ നങ്കൂരമിട്ടതില്‍ ഏറ്റവും നീളം കൂടിയത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ മെഡിറ്റനേറിയന്‍ ഷിപ്പിംഗ് കമ്പനിയുടെ വിഴിഞ്ഞത്തെത്തുന്ന അഞ്ചാമത്തെ കപ്പലാണ് എം.എസ്.സി കെയ്‌ലേ.

അടുത്ത ദിവസങ്ങളില്‍ തന്നെ കമ്പനിയുടെ മറ്റൊരു കപ്പലായ എം.എസ്.സി സുവാപ്പേ വിഴിഞ്ഞത്തെത്തുമെന്നും തുറമുഖ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 16.5 മീറ്റര്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പല്‍ പ്രവേശിച്ചതോടെ ആഗോള തുറമുഖ ഭൂപടത്തില്‍ വിഴിഞ്ഞം സവിശേഷ സ്ഥാനം നേടുമെന്നും ഇന്ത്യയുടെ പേര് ഉയര്‍ത്തുമെന്നും ഉറപ്പായിക്കഴിഞ്ഞു. ചരക്കുനീക്കത്തില്‍ പ്രധാനമായ മദര്‍ഷിപ്പുകള്‍ക്ക് അടുക്കണമെങ്കില്‍ 18 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള തുറമുഖങ്ങള്‍ ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സ്വാഭാവിക ആഴം 24 മീറ്ററാണ്.

കൂടുതല്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പലുകള്‍ അധികം വൈകാതെ വിഴിഞ്ഞത്തെത്തുമെന്നാണ് വിവരം. 17 മീറ്ററില്‍ കൂടുതല്‍ ഡ്രാഫ്റ്റ് റേഞ്ചുള്ള കപ്പലുകള്‍ അടുക്കാന്‍ സ്വാഭാവികമായും കഴിയുമെന്നതിനാല്‍ തന്നെ മുന്ദ്ര തുറമുഖത്തിന്റെ റെക്കോഡ് അധികം വൈകാതെ വിഴിഞ്ഞം തകര്‍ക്കും. നിലവില്‍ ഇന്ത്യയിലേക്കുള്ള ട്രാന്‍സ്ഷിപ്പ്മെന്റിന്റെ ഭൂരിഭാഗവും നടക്കുന്നത് കൊളംബോ തുറമുഖം വഴിയാണ്. മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന തുറമുഖങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാലാണ് ചരക്കുനീക്കം കൊളംബോ വഴിയായത്. പ്രവര്‍ത്തന സജ്ജമാകുന്നതോടെ മദര്‍ഷിപ്പ് ഹബ്ബെന്ന നിലയിലേക്ക് വിഴിഞ്ഞം വളരും.

Advertisement
Advertisement