ചടയൻ ഗോവിന്ദൻ അനുസ്മരണംഃ വിട്ടുനിന്ന് ഇ.പി; ഒളിയമ്പെയ്ത് എ.വിജയരാഘവൻ

Tuesday 10 September 2024 3:40 AM IST

കണ്ണൂർ: ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ നിന്ന് വിട്ടു നിന്ന് സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ. പയ്യാമ്പലത്തെ ചടയൻ സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പ്രസംഗം പരോക്ഷമായി ഇ.പിയെ ലാക്കാക്കിയുള്ള ഒളിയമ്പായി.

പാർട്ടി വിരുദ്ധമായ ഒരു നിലപാടിന്റെ മുമ്പിലും ചടയൻ ചാഞ്ചാടിയിരുന്നില്ലെന്നായിരുന്നു വിജയരാഘവൻ എടുത്തുപറഞ്ഞത്. സൗമ്യനായ ചടയൻ പാർട്ടി വിരുദ്ധതയുടെ മുന്നിലാണ് സിംഹത്തെപ്പോലെ തല ഉയർത്തി പോരാടിയിട്ടുള്ളത്. താൻ പാർട്ടിക്ക് വേണ്ടി കുറേ ചെയ്തു,​ പാർട്ടിക്കു വേണ്ടി, തനിക്കൊന്നും ഈ പാർട്ടി തിരിച്ചൊന്നും ചെയ്തില്ലെന്നു ചിന്തിക്കുന്ന ചില ആളുകളെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ടാകും. ചിലർക്കൊക്കെ തെറ്റായ ധാരണകളുണ്ടാകും. പാർട്ടിയിൽ നിന്ന് ഒന്നും തിരിച്ചു കിട്ടിയില്ലെന്ന് ചിന്തിച്ച ആളായിരുന്നില്ല ചടയൻ ഗോവിന്ദൻ എന്നായിരുന്നു വിജയരാഘവന്റെ പരാമർശം.

പരിപാടിയിൽ ഇ.പി. പങ്കെടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നത്. ഇ.പി. ആയുർവേദ ചികിത്സയിലാണ്, അല്ലാതെ അതൃപ്തിയൊന്നും ഇല്ലെന്നായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നൽകിയ മറുപടി. വീട്ടിൽ പോയാൽ നിങ്ങൾക്ക് അദ്ദേഹത്തെ കാണാമെന്നും ജയരാജൻ പറഞ്ഞു.

ജാവദേക്കർ കൂടിക്കാഴ്ചയുടെ പേരിൽ എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇ.പി പങ്കെടുത്തിരുന്നില്ല. ആത്മകഥയെഴുതുമെന്നൊഴിച്ചാൽ ഒരു പ്രതികരണവും ഇതുവരെ ഇ.പി. നടത്തിയിട്ടില്ല.